സംസ്ഥാനത്ത് ഇന്ന് റെക്കോർഡുകൾ ഭേദിച്ച് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,480 രൂപയായി. ഗ്രാമിന് 75 രൂപ വർദ്ധിച്ച്, 5,810 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവില. ഇതാദ്യമായാണ് സ്വർണവില 46,000 രൂപ നിലവാരത്തിന് മുകളിലേക്ക് കടക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 800 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഒക്ടോബർ 28നും, 29നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് ഇതിനുമുൻപ് രേഖപ്പെടുത്തിയ റെക്കോർഡ് വില. ആഗോള വിപണിയിൽ ഉണ്ടാകുന്ന കുതിച്ചുചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രകടമാകുന്നത്. ആഗോള വിപണിയിൽ 7 മാസത്തെ ഉയരത്തിലാണ് സ്വർണവില ഉള്ളത്.
ആഗോളതലത്തിൽ സ്വർണം ഔൺസിന് 2,000 ഡോളറിന് മുകളിലാണ് വില. അടുത്ത വർഷം ആദ്യ പകുതിയോടെ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന് വിപണികൾ ആത്മവിശ്വാസം പ്രകടിപ്പിച്ചതാണ് സ്വർണത്തിന് കരുത്തായി മാറിയിരിക്കുന്നത്. യുഎസ് ഡോളറിലെ ഇടിവും, ബോണ്ട് യീൽഡ് താഴേക്ക് പതിക്കുന്നതുമാണ് നിലവിൽ സ്വർണവില ഉയരാനുള്ള കാരണം.