സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ വീണ്ടും ശക്തി പ്രാപിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ അനുഭവപ്പെടുന്നുണ്ടെങ്കിലും, ഇന്ന് ഒരു ജില്ലകൾക്കും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം, നാളെ മുതൽ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശനിയാഴ്ചയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നതാണ്. തെക്കൻ ആൻഡമാൻ കടലിനു മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമർദ്ദമായി മാറിയത്. ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വ്യാഴാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. തുടർന്ന് വടക്ക്-പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം പിന്നീടുള്ള 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുന്നതാണ്. അതിനാൽ, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ, തെക്കൻ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി മറ്റൊരു ചക്രവാതച്ചുഴി കൂടി നിലനിൽക്കുന്നുണ്ട്.