ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കം മുതൽ വിവിധ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നെങ്കിലും, അവസാന മണിക്കൂറുകളിൽ നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു. അമേരിക്കൻ വിപണിയിലെ ആവേശമില്ലായ്മയും, എഫ് ആൻഡ് ഒയുടെ നവംബർ സീരീസ് സെറ്റിൽമെന്റും നിക്ഷേപകരെ ലാഭമെടുപ്പിലേക്ക് നയിച്ചതാണ് ചാഞ്ചാട്ടത്തിന് ഇടയാക്കിയത്. ബിഎസ്ഇ സെൻസെക്സ് 87 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 66,988-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 36 പോയിന്റ് നേട്ടത്തിൽ 20,133-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഏഷ്യൻ വിപണിയിൽ ഇന്ന് ഷാങ്ഹായ്, ഹോങ്കോങ് എന്നീ സൂചികകളും നേട്ടത്തിലായിരുന്നു.
ബിഎസ്ഇയിൽ ഇന്ന് 1,898 ഓഹരികൾ നേട്ടത്തിലും, 1,810 ഓഹരികൾ നഷ്ടത്തിലും വ്യാപാരം പൂർത്തിയാക്കി. 149 ഓഹരികളുടെ വില മാറിയില്ല. അൾട്രാടെക് സിമന്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, വിപ്രോ, ഹിന്ദുസ്ഥാൻ യൂണിലിവർ, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലാർസൻ ആൻഡ് ട്യൂബോ എന്നിവയാണ് നേട്ടം കൊയ്ത്. അതേസമയം, ടാറ്റാ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ മോട്ടേഴ്സ്, എൻടിപിസി, ഇന്ത്യൻ ബാങ്ക്, അദാനി ടോട്ടൽ ഗ്യാസ്, ട്യൂബ് ഇൻവെസ്റ്റ്മെന്റ്സ് ഓഫ് ഇന്ത്യ തുടങ്ങിയവയുടെ ഓഹരികൾ നഷ്ടം രുചിച്ചു.