കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടി. വിദേശ വിദ്യാർത്ഥികൾക്ക് കാനഡയിൽ പരിധിയില്ലാതെ ജോലി ചെയ്യാൻ അനുവദിക്കുന്ന വർക്ക് പെർമിറ്റ് നിയമം ഉടൻ അവസാനിപ്പിക്കാനാണ് കനേഡിയൻ ഭരണകൂടത്തിന്റെ തീരുമാനം. ഇതോടെ, വിദ്യാർത്ഥികൾക്ക് ഇനി മുതൽ കാനഡയിൽ താമസിക്കാൻ അധിക തുക ചെലവാകും. കഴിഞ്ഞ വർഷം നവംബറിലാണ് വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾക്ക് ക്യാമ്പസിന് പുറത്ത് ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവാണ് ഉടൻ റദ്ദ് ചെയ്യുക.
വിദ്യാർത്ഥികളുടെ യോഗ്യതയെ അടിസ്ഥാനപ്പെടുത്തിയാണ് ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ഇത് ഈ വർഷം ഡിസംബർ 31 വരെയാണ് ബാധകം. നേരത്തെ 20 മണിക്കൂർ വരെ ജോലി ചെയ്യാൻ സമയം അനുവദിച്ചിരുന്നു. പിന്നീട് വിവിധ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് 20 മണിക്കൂറിലധികം ജോലി ചെയ്യാൻ അവസരം നൽകിയത്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയിലെ ജീവിത ചെലവ് വളരെ ഉയർന്നതിനാൽ, 20 മണിക്കൂറിലധികം ജോലി ചെയ്യാൻ സമയം അനുവദിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. കാനഡയ്ക്ക് സമാനമായ രീതിയിൽ വിദേശ വിദ്യാർത്ഥികൾക്ക് അധിക സമയം ജോലി ചെയ്യാനുള്ള നിയമം ഓസ്ട്രേലിയയും റദ്ദാക്കിയിരുന്നു. എന്നാൽ, വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് അവ വീണ്ടും പുനസ്ഥാപിക്കുകയായിരുന്നു.