മാലിന്യം ഇനി വെറുതെ വലിച്ചെറിയല്ലേ! ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാം, പുതിയ സാധ്യതകൾക്ക് തുടക്കമിട്ട് ഈ നഗരം


ഷാർജ: മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന പുതിയ പദ്ധതിയുടെ സാധ്യതകൾ തേടി ഷാർജ. മാലിന്യങ്ങളിൽ നിന്ന് കാര്യക്ഷമമായ രീതിയിൽ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാന്റ് നിർമ്മിക്കാനാണ് ഷാർജയുടെ തീരുമാനം. മുൻസിപ്പൽ ഖരമാലിന്യം, പുനരുപയോഗം ചെയ്യാത്ത പ്ലാസ്റ്റിക്കുകൾ, തടി മാലിന്യം എന്നിവ ഉൾപ്പെടെ വിവിധ ജൈവാധിഷ്ഠിത മാലിന്യങ്ങളെ സൂപ്പർ ഗ്രീൻ ഹൈഡ്രജനാക്കി മാറ്റുന്നതാണ് പദ്ധതി.

ഷാർജ ആസ്ഥാനമായുള്ള ബീഅയാണ് പ്ലാന്റ് നിർമ്മിക്കുന്നത്. വേസ്റ്റ് ടു ഹൈഡ്രജൻ മോൺസ്ട്രേഷൻ പ്ലാന്റ് നിർമ്മിക്കുന്നതിന് ഷിനൂക്ക് ഹൈഡ്രജൻ, എയർ വാട്ടർ ഗ്യാസ് സൊല്യൂഷൻസ്, എയർ വാട്ടർ ഐഎൻസി എന്നീ കമ്പനികളുമായി ബീഅ സംയുക്ത കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. കോപ് 28 വേദിയിലെ യുഎഇ പവലിയനിലാണ് കരാറിൽ ഒപ്പുവെച്ചത്. പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ മാലിന്യം, കാർബൺ പുറന്തള്ളൽ എന്നിവ ഉയർത്തുന്ന വെല്ലുവിളി ഇല്ലാതാക്കാൻ കഴിയുമെന്ന് ബീഅ ഗ്രൂപ്പ് അറിയിച്ചു. ലോകരാജ്യങ്ങളിലടക്കം ഇത് നടപ്പിലാക്കാൻ കഴിയുമെന്നും, സാമ്പത്തികമായും പാരിസ്ഥിതികമായും എളുപ്പത്തിൽ സ്വീകരിക്കാവുന്ന മാർഗ്ഗമാണെന്നും കമ്പനി കൂട്ടിച്ചേർത്തു.