ന്യൂഡൽഹി: രാജ്യത്ത് ജനുവരിയോടെ സവാള വില കുറയുമെന്ന് കേന്ദ്രസർക്കാർ. നിലവിലെ ശരാശരി വിലയിൽ നിന്ന് ജനുവരിയോടെ 40 രൂപയിൽ താഴെ സവാള വില എത്തുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിംഗ് വ്യക്തമാക്കി. നിലവിൽ, ഒരു കിലോ സവാളയുടെ ശരാശരി വില 57.02 രൂപയാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഡൽഹിയിൽ കിലോയ്ക്ക് 80 രൂപ വരെ സവാള വില ഉയർന്നിരുന്നു. ഇതോടെ, കർശന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.
ഡൽഹിയിലും മറ്റു പ്രധാന നഗരങ്ങളിലും സവാള വില കുതിച്ചുയർന്നതോടെ, സവാളയുടെ കയറ്റുമതി താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. ആഭ്യന്തര വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിന് മുന്നോടിയായാണ് കയറ്റുമതി നിരോധിച്ചത്. സവാളയുടെ കയറ്റുമതി നിരോധിച്ച നടപടി ഒരുതരത്തിലും കർഷകരെ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം, ഇന്ത്യയിലെയും ബംഗ്ലാദേശിലെയും വില വ്യത്യാസം ചൂഷണം ചെയ്യുന്ന, ഒരു വിഭാഗം വ്യാപാരികളെ കയറ്റുമതി ബാധിക്കാൻ സാധ്യതയുണ്ട്.
സവാളയുടെ കയറ്റുമതി നിരോധനത്തിന്റെ ഗുണം ഏറെ ലഭിക്കുക ആഭ്യന്തര ഉപഭോക്താക്കൾക്കാണ്. അതേസമയം, ജനുവരിയോടെ സവാള 100 രൂപ കവിയുമെന്നാണ് ചിലരുടെ വാദം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സവാള വില ഒരിക്കലും 60 രൂപയ്ക്ക് മുകളിൽ കടക്കില്ലെന്ന് രോഹിത് കുമാർ സിംഗ് വ്യക്തമാക്കി.