വലിയ വായ്പകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഫിൻടെക് കമ്പനികൾ! നടപടി ആർബിഐയുടെ മുന്നറിയിപ്പിന് പിന്നാലെ


വലിയ വായ്പകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി രാജ്യത്തെ പ്രധാന ഫിൻടെക് കമ്പനികൾ. ചെറുതും സുരക്ഷിതമല്ലാത്തതുമായ ചെറുകിട വായ്പകൾ നിയന്ത്രിക്കുന്നതിനായി ആർബിഐ പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയതോടെയാണ് ഫിൻടെക് കമ്പനികൾ വലിയ വായ്പകളിൽ നോട്ടമിട്ടിരിക്കുന്നത്. ഇതോടെ, 50,000 രൂപയ്ക്ക് മുകളിലുള്ള വായ്പകൾ അനുവദിക്കുന്നതിൽ വളർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ആർബിഐയുടെ നിർദ്ദേശാനുസരണം ചെറുകിട വായ്പകൾ പൂർണമായി നിർത്തലാക്കില്ലെന്നും, അനുവദിക്കുന്ന വായ്പകളുടെ എണ്ണം വെട്ടിച്ചുരുക്കുക മാത്രമാണ് ചെയ്യുകയെന്നും ഫിൻടെക് കമ്പനികൾ വ്യക്തമാക്കി. നിലവിൽ, രാജ്യത്തെ ബാങ്കുകളും, നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനികളും അവരുടെ പങ്കാളികളോട് ഇതിനോടകം തന്നെ ചെറിയ വ്യക്തിഗത വായ്പകൾ നൽകുന്നത് കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ആർബിഐയുടെ പുതിയ അറിയിപ്പിന് പിന്നാലെ, വലിയ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരം ഫിൻടെക് കമ്പനികൾ ബാങ്കുകളിൽ നിന്നും എൻബിഎഫ്സികളിൽ നിന്നും കടുത്ത മത്സരമാണ് നേരിടുന്നത്. ചെറുകിട വായ്പകൾ നൽകുന്നത് വെട്ടിക്കുറയ്ക്കുന്നതോടെ ഫിൻടെക് സ്ഥാപനങ്ങളുടെ വളർച്ചയിൽ കാര്യമായ ഇടിവ് ഉണ്ടാക്കിയേക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്താൻ. അടുത്തിടെ റീട്ടെയിൽ വായ്പകളിലെ അത്ഭുതകരമായ വളർച്ചയെ തുടർന്ന് ചെറുകിട വായ്പകളുടെ റിസ്ക് വെയിറ്റ് ആർബിഐ വർദ്ധിപ്പിച്ചിരുന്നു. റിസ്ക് വെയ്റ്റ് 100 ശതമാനത്തിൽ നിന്നും 150 ശതമാനമായാണ് ഉയർത്തിയത്.