പ്രമുഖ എണ്ണ ഉൽപ്പാദക രാജ്യമായ വെനസ്വലേയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനൊരുങ്ങി രാജ്യത്തെ പൊതുമേഖല ഓയിൽ റിഫൈനറി കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ. കഴിഞ്ഞ ഒക്ടോബറിലാണ് വെനസ്വലൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധം യുഎസ് പിൻവലിച്ചത്. ഇതോടെ, റിലയൻസ് ഇൻഡസ്ട്രീസ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എച്ച്പിസിഎൽ-മിത്തൽ എനർജി എന്നീ കമ്പനികൾ വെനസ്വലേയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാൻ കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിപിസിഎല്ലിന്റെ ഔദ്യോഗിക പ്രഖ്യാപനം. റഷ്യയ്ക്ക് സമാനമായ രീതിയിൽ ഇന്ത്യയ്ക്ക് വിപണി വിലയേക്കാൾ നിശ്ചിത ഡിസ്കൗണ്ട് നൽകുമെന്ന് ഇതിനോടകം തന്നെ വെനസ്വല സൂചനകൾ നൽകിയിട്ടുണ്ട്.
വെനസ്വലേയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ റഷ്യൻ എണ്ണയുടെ ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കുകയില്ലെന്ന് ബിപിസിഎൽ വ്യക്തമാക്കി. കൊച്ചി, മുംബൈ, ബിന എന്നീ മൂന്ന് സ്ഥലങ്ങളിലാണ് ബിപിസിഎല്ലിന്‍റെ റിഫൈനറികൾ സ്ഥിതി ചെയ്യുന്നത്. യുഎസ് വെനസ്വലൻ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തുന്നതിന് മുൻപ് ഇന്ത്യ പ്രതിമാസം 10 ദശലക്ഷം ബാരൽ എണ്ണയാണ് വെനസ്വലേയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്. നിലവിൽ, ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ എണ്ണ നൽകുന്ന രാജ്യങ്ങൾ റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നിവയാണ്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഏകദേശം 116.2 ദശലക്ഷം എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.