വർക്ക് ഫ്രം ഹോമിനെതിരെ സ്വരം കടുപ്പിച്ച് ഇൻഫോസിസ്, ആഴ്ചയിൽ 3 ദിവസമെങ്കിലും ഓഫീസിലെത്താൻ നിർദ്ദേശം


കോവിഡ് കാലയളവിൽ നടപ്പിലാക്കിയ വർക്ക് ഫ്രം ഹോം സംവിധാനത്തിനെതിരെ സ്വരം കടിപ്പിച്ച് പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ്. ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ജീവനക്കാരോട് ഓഫീസിലെത്താനാണ് ഇൻഫോസിസിന്റെ നിർദ്ദേശം. നേരത്തെ തന്നെ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാൻ ജീവനക്കാരോട് ഇൻഫോസിസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജീവനക്കാർ ഇത് ഗൗരവമായി എടുക്കാത്തതിനെ തുടർന്നാണ് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും, സാമ്പത്തിക വളർച്ച കൈവരിക്കാനും കൂടുതൽ സമയം ജോലി ചെയ്യേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ നാരായണമൂർത്തി അടുത്തിടെ പങ്കുവെച്ച അഭിപ്രായങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇൻഫോസിസിന്റെ നടപടി.

കൊവിഡ് വ്യാപന കാലത്ത് ആരംഭിച്ച്, 3 വര്‍ഷം നീണ്ടു നിന്ന വര്‍ക്ക് ഫ്രം ഹോം അത്യാവശ്യം നീണ്ട കാലയളവായിരുന്നുവെന്നും, ആരോഗ്യപരമായ കാരണങ്ങള്‍ ഇല്ലെങ്കില്‍ ജീവനക്കാര്‍ ഓഫീസില്‍ വന്ന് ജോലി ചെയ്ത് തുടങ്ങണമെന്നും ഇൻഫോസിസ് വ്യക്തമാക്കി. അതേസമയം, ജീവനക്കാര്‍ 3 ദിവസം ഓഫീസിലെത്തുന്ന ഹൈബ്രിഡ് രീതിയിലേക്ക് മാറണമെന്ന് മറ്റൊരു പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ ഈ ആവശ്യത്തോട് ജീവനക്കാരില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടാവാത്തതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന ഓര്‍മപ്പെടുത്തലും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.