ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം മുന്നേറുന്നു! ഒക്ടോബറിലെ വ്യവസായിക വളർച്ച 16 മാസത്തെ ഉയരത്തിൽ


ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം വളർന്നതോടെ വ്യാവസായിക ഉൽപാദന രംഗത്തും പുത്തൻ ഉണർവ്. ഒക്ടോബറിലെ വ്യാവസായിക ഉൽപാദന സൂചിക (ഐഐപി) 16 മാസത്തെ ഉയരത്തിൽ എത്തി നിൽക്കുകയാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022 ഒക്ടോബറിലെ 4.1 ശതമാനത്തിൽ നിന്നും ഇത്തവണ 11.7 ശതമാനത്തിലേക്കാണ് ഐഐപി വളർച്ച കുതിച്ചത്. ഈ വർഷം സെപ്റ്റംബറിൽ 5.8 ശതമാനം വളർച്ചയാണ് വ്യവസായിക മേഖല കൈവരിച്ചത്. രാജ്യത്തെ ഫാക്ടറി മേഖലകളിൽ സാമ്പത്തിക പ്രവർത്തനങ്ങളും, ഉൽപാദനങ്ങളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകൾ.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന മാനുഫാക്ചറിംഗ് മേഖല ഒക്ടോബറിൽ 10.4 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ ഇത് 4.5 ശതമാനമായിരുന്നു. ഖനന മേഖലയുടെ വളർച്ച സെപ്റ്റംബറിലെ 11.5 ശതമാനത്തിൽ നിന്നും ഒക്ടോബറിൽ 13.1 ശതമാനമായി ഉയർന്നിട്ടുണ്ട്. വൈദ്യുതോൽപ്പാദനത്തിന്റെ വാർഷികാധിഷ്ഠിത വളർച്ച 1.2 ശതമാനത്തിൽ നിന്നും 20.4 ശതമാനത്തിലേക്കാണ് മെച്ചപ്പെട്ടത്. ഉത്സവകാലത്തെ മികച്ച ഉപഭോക്തൃ ഡിമാന്റിന്റെ പശ്ചാത്തലത്തിലാണ് ഐഐപി വളർച്ച മെച്ചപ്പെട്ടിരിക്കുന്നത്.