യുഎഇയിലെ വിപണികളിൽ കത്തിക്കയറി ഉള്ളിവില. ഉള്ളി കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് യുഎഇയിൽ വില കുതിച്ചുയർന്നത്. ഡിസംബർ ആദ്യവാരമാണ് ഇന്ത്യ ഉള്ളി കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തിയത്. 2024 മാർച്ച് വരെ വിലക്ക് തുടരുന്നതാണ്. നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ യുഎഇയിലെ വിപണികളിൽ ആറിരട്ടിയോളമാണ് ഉള്ളിവില കുതിച്ചുയർന്നത്. നിലവിൽ, 8 ദിർഹം മുതൽ 12 ദിർഹം വരെയാണ് ഉള്ളി വില. അതായത്, 181 രൂപ മുതൽ 270 രൂപ വരെ.
വിലക്ക് ഏർപ്പെടുന്നതിന് മുൻപ് യുഎഇയിൽ വിൽപ്പനയ്ക്ക് എത്തിച്ച ശേഖരത്തിൽ നിന്നാണ് നിലവിൽ വിതരണം നടത്തുന്നത്. സാധാരണയായി ആഴ്ചയിൽ 8 കണ്ടെയ്നർ ഉള്ളി വരെയാണ് ഇന്ത്യയിലെ യുഎഇയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. യുഎഇയ്ക്ക് പുറമേ, തുർക്കി, പാകിസ്ഥാൻ, ഇറാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യ ഉള്ളി കയറ്റുമതി ചെയ്യുന്നുണ്ട്. ആഭ്യന്തര വിപണിയിലെ ക്ഷാമവും, വിലക്കയറ്റവും തടയുന്നതിനായാണ് ഇന്ത്യ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്.
ഉള്ളിവില ആറിരട്ടിയോളം ഉയർന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ മറ്റ് രാജ്യങ്ങളെ ആശ്രയിക്കാനാണ് യുഎഇയുടെ തീരുമാനം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അളവ്, ഗുണമേന്മ എന്നിവയുടെ കാര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള ഉള്ളിയാണ് ഏറ്റവും മികച്ചത്. അതുകൊണ്ടുതന്നെ വിപണികളിൽ ഏറ്റവും ഡിമാൻഡ് ഉള്ളതും ഇന്ത്യൻ ഉള്ളിക്കാണ്.