ഐപിഒ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം! ആങ്കർ നിക്ഷേപകരിൽ നിന്നും ഇത്തവണ സമാഹരിച്ചത് കോടികൾ


മുത്തൂറ്റ് ഗ്രൂപ്പിന് കീഴിലെ പ്രമുഖ മൈക്രോ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ആങ്കർ നിക്ഷേപകരിൽ നിന്നും ഇത്തവണ സമാഹരിച്ചത് കോടികൾ. പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് മുന്നോടിയായാണ് നിക്ഷേപകരിൽ നിന്നും ധനസമാഹരണം നടത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നിക്ഷേപകരിൽ നിന്ന് ഇത്തവണ 284.99 കോടി രൂപയാണ് മുത്തൂറ്റ് മൈക്രോഫിൻ സമാഹരിച്ചിരിക്കുന്നത്. 23 ആങ്കർ നിക്ഷേപകർക്കായി 97.93 ലക്ഷം ഇക്വിറ്റി ഓഹരികളാണ് വിറ്റഴിച്ചിട്ടുള്ളത്. 10 രൂപ മുഖവില നിശ്ചയിച്ചിട്ടുള്ള ഓഹരി ഓരോന്നും 291 രൂപ നിരക്കിലാണ് വിറ്റഴിച്ചത്.

ഡിസംബർ 18 മുതൽ 20 വരെയാണ് ഐപിഒ നടക്കുക. 960 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒയിൽ 760 കോടി രൂപ പുതിയ ഓഹരികളും, 200 കോടി രൂപ ഓഫർ ഫോർ സെയിലുമായിരിക്കും. ഓഹരിക്ക് 277-291 രൂപ നിരക്കിലാണ് പ്രൈസ് ബ്രാൻഡ് നിശ്ചയിച്ചിട്ടുള്ളത്. നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞത് 51 ഓഹരികൾക്ക് അപേക്ഷിക്കാനാകും. അതായത്, മിനിമം നിക്ഷേപം 14,841 കോടി രൂപയാണ്.