മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കും, ഡിമാൻഡ് അക്കൗണ്ട് ഉടമകൾക്കും നോമിനിയെ ചേർക്കാൻ ഇനി രണ്ടാഴ്ച കൂടി അവസരം. ഡിസംബർ 31ന് മുൻപ് നോമിനിയുടെ പേര് നിർബന്ധമായും അക്കൗണ്ട് ചേർക്കണമെന്ന് സെബി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് മുൻപ് രണ്ട് തവണയാണ് തീയതി നീട്ടി നൽകിയത്. ഡിസംബർ 31-ന് മുൻപ് നോമിനേഷൻ നൽകിയിട്ടില്ലാത്ത അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നത് സെബി മരവിപ്പിക്കാൻ സാധ്യതയുണ്ട്. കൂടാതെ, നോമിനേഷൻ ഇല്ലാത്ത ഡീമാറ്റ് അക്കൗണ്ടുകൾ വഴി വ്യാപാരവും നടത്തുവാൻ സാധിക്കുകയില്ല.
ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് ഓൺലൈനായി നോമിനേഷൻ സമർപ്പിക്കാവുന്നതാണ്. ഇതിനായി എൻഎസ്ഡിഎല്ലിന്റെ ഔദ്യോഗിക പോർട്ടലാണ് സന്ദർശിക്കേണ്ടത്. ഹോം പേജിൽ കാണുന്ന ‘നോമിനേറ്റ് ഓൺലൈൻ’ എന്ന ഓപ്ഷൻ വഴി ഉപഭോക്താക്കൾക്ക് നോമിനേഷൻ സമർപ്പിക്കാനാകും. അതേസമയം, മ്യൂച്വൽ ഫണ്ട് അക്കൗണ്ട് ഉള്ളവർ ഫണ്ട് ഹൗസുകളുടെ വെബ്സൈറ്റുകളിലോ, രജിസ്ട്രാർ, ട്രാൻസ്ഫർ ഏജന്റുകളുടെ വെബ്സൈറ്റുകളിലോ നോമിനേഷൻ നൽകാവുന്നതാണ്. പുതിയ നോമിനിയുടെ പേര് ചേർക്കാനും, നിലവിലുള്ള നോമിനിയുടെ പേര് മാറ്റാനും സാധിക്കും. മരണശേഷം ഒരു വ്യക്തിയുടെ ഡിമാൻഡ് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന സെക്യൂരിറ്റികളുടെ അവകാശം ബന്ധുക്കൾക്കോ, പങ്കാളികൾക്കോ ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗമാണ് നോമിനേഷൻ.