സ്വർണ സമ്പാദ്യ പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവരാണോ? സോവറീൻ ഗോൾഡ് ബോണ്ടിൽ ഇന്ന് മുതൽ നിക്ഷേപിക്കാം


കേന്ദ്രസർക്കാറും റിസർവ് ബാങ്കും സംയുക്തമായി അവതരിപ്പിച്ച സോവറീൻ ഗോൾഡ് ബോണ്ടിൽ ഇന്ന് മുതൽ നിക്ഷേപം നടത്താൻ അവസരം. ദീർഘകാല ലാഭം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സുരക്ഷിതമായ സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് സോവറീൻ ഗോൾഡ് ബോണ്ടുകൾ. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാമത്തെ സീരീസാണ് ഇന്ന് മുതൽ ആരംഭിച്ചിരിക്കുന്നത്. ഡിസംബർ 22 വരെ നിക്ഷേപകർക്ക് ബോണ്ടുകൾ വാങ്ങാവുന്നതാണ്. ഇത്തവണ ഗ്രാമിന് 6,199 രൂപയാണ് റിസർവ് ബാങ്ക് നിശ്ചയിച്ച വില.

നിക്ഷേപകർക്ക് ഓൺലൈനായും, ബാങ്കുകൾ വഴിയും സ്വർണ ബോണ്ടുകൾ വാങ്ങാനുള്ള അവസരമുണ്ട്. ഓൺലൈനായി നിക്ഷേപം നടത്തുന്നവർക്ക് ഗ്രാമിന് 50 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇവർ ഗ്രാമിന് 6,149 രൂപ നൽകിയാൽ മതിയാകും. ഡിസംബർ 28 മുതലാണ് നിക്ഷേപകർക്ക് ബോണ്ടുകൾ ലഭ്യമായി തുടങ്ങുക. ഇന്ത്യൻ പൗരന്മാർ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, ട്രസ്റ്റുകൾ, സർവകലാശാലകൾ, ചാരിറ്റബിൾ ഇൻസ്റ്റ്യൂഷനുകൾ എന്നിവർക്ക് ബോണ്ടുകൾ വാങ്ങാനാകും.

സ്മോൾ ഫിനാൻസ് ബാങ്കുകൾ, പേയ്മെന്റ് ബാങ്കുകൾ, ഗ്രാമീൺ ബാങ്കുകൾ എന്നിവ ഒഴികെയുള്ള ഷെഡ്യൂൾഡ് കൊമേഴ്ഷ്യൽ ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ, ക്ലിയറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകൾ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവിടങ്ങളിൽ നിന്ന് സോവറീൻ ഗോൾഡ് ബോണ്ടുകൾ വാങ്ങാവുന്നതാണ്. കറൻസി നോട്ടുകളായി പരമാവധി 20,000 രൂപ വരെ ബോണ്ടുകളിൽ നിക്ഷേപിക്കാനാകും. ഉയർന്ന തുകയ്ക്ക് ഡിഡി, ചെക്ക്, ഓൺലൈൻ ഇടപാട് എന്നിവ ഉപയോഗിക്കണം.