ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. ഇന്നലെ നഷ്ടത്തിലേക്ക് തകിടം മറിഞ്ഞ ആഭ്യന്തര സൂചികകളാണ് ഇന്ന് നേട്ടത്തിലേക്ക് കുതിച്ചുകയറിയത്. നഷ്ടത്തോടെയാണ് ഇന്ന് മുഖ്യസൂചികകൾ വ്യാപാരം ആരംഭിച്ചതെങ്കിലും, പിന്നീടുള്ള മണിക്കൂറുകളിൽ ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. വ്യാപാരത്തിന്റെ ഒരുവേള സെൻസെക്സ് 70,958 പോയിന്റ് വരെ ഉയർന്നിരുന്നു. വ്യാപാരാന്ത്യം 358 പോയിന്റ് നേട്ടത്തിൽ 70,865-ൽ വ്യാപാരം പൂർത്തിയാക്കി. അതേസമയം, നിഫ്റ്റി 104 പോയിന്റ് നേട്ടവുമായി 21,255-ലാണ് വ്യാപാരം ക്ലോസ് ചെയ്തത്. വിശാലമായ വിപണിയിൽ ഭൂരിഭാഗം ഓഹരി വിഭാഗങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇന്നലെ ഇടിവിന്റെ പാതയിലേക്ക് സഞ്ചരിച്ച നിഫ്റ്റി പി.എസ്.യു ബാങ്ക്, മെറ്റൽ, റിയൽറ്റി, മീഡിയ സൂചികകൾ വൻ തിരിച്ചുവരവാണ് നടത്തിയത്.
സെൻസെക്സിൽ 2,649 ഓഹരികൾ നേട്ടത്തിലേറിയപ്പോൾ, 1,134 ഓഹരികൾ നഷ്ടത്തിലേക്ക് വീണു. 113 ഓഹരികളുടെ വില മാറിയില്ല. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ, ഐആർസിടിസി, ഡെൽഹിവെറി, സോന ബിഎൽഡബ്ല്യു, പവർഗ്രിഡ്, ബിപിസിഎൽ, ബ്രിട്ടാണിയ, അപ്പോളോ ഹോസ്പിറ്റൽസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം, ഇന്ത്യൻ ബാങ്ക്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ബജാജ് ഹോൾഡിംഗ്സ്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, സിപ്ല തുടങ്ങിയവയുടെ ഓഹരികൾ നഷ്ടം രുചിച്ചു.