ആപ്പിളിന് തിരിച്ചടി! വാച്ചുകളുടെ വിലക്ക് സ്റ്റേ ചെയ്യാനുള്ള അപേക്ഷ തള്ളി ഐടിസി


കാലിഫോർണിയ: ആപ്പിൾ വാച്ച് മോഡലുകളുടെ ഇറക്കുമതിക്കും വിൽപ്പനയ്ക്കും ഏർപ്പെടുത്തിയ വിലക്ക് വൈകിപ്പിക്കാൻ നൽകിയ അപേക്ഷ തള്ളി. യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷനാണ് ആപ്പിളിന്റെ അപേക്ഷ തള്ളിയത്. പേറ്റന്റ് അവകാശലംഘനം ചൂണ്ടിക്കാട്ടി മെഡിക്കൽ ഉപകരണ നിർമ്മാതാക്കളായ മാസിമോ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ആപ്പിളിന്റെ രണ്ട് മോഡലുകൾക്കാണ് ഐടിസി വിലക്ക് ഏർപ്പെടുത്തിയത്. ഈ വിലക്ക് വൈകിപ്പിക്കണമെന്നുള്ള അപേക്ഷയാണ് ഇപ്പോൾ ഐടിസി നിരസിച്ചിരിക്കുന്നത്.

എസ്പിഒ2 സെൻസറുമായി ബന്ധപ്പെട്ട പേറ്റന്റ് അവകാശം ആപ്പിൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാക്സിമോ പരാതി സമർപ്പിച്ചത്. വിലക്ക് വന്നതോടെ വാച്ച് സീരീസ് 9, അൾട്ര 2 മോഡലുകളുടെ വിൽപ്പനയാണ് താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. യുഎസ് വിപണിയിൽ മാത്രമാണ് രണ്ട് മോഡലുകൾക്കും വിലക്ക് ഉണ്ടാവുക. അതേസമയം, മറ്റ് രാജ്യങ്ങളിൽ വിൽപ്പന തുടരും. അതേസമയം, ആപ്പിൾ വാച്ച് മോഡലുകൾ വിപണിയിൽ തിരികെ എത്തിക്കുന്നതിനായി ആവശ്യമായ സോഫ്റ്റ്‌വെയർ പരിഷ്കാരങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഇതിനോടകം ആപ്പിൾ ആരംഭിച്ചിട്ടുണ്ട്.