ഇന്ത്യക്കാർക്കിടയിൽ ക്രിപ്റ്റോ നാണയങ്ങൾക്ക് സ്വീകാര്യത വർദ്ധിക്കുന്നതായി റിപ്പോർട്ട്. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ആളുകളാണ് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ കോയിൻ സ്വിച്ചിന്റെ കണക്കുകൾ അനുസരിച്ച്, 1.9 കോടി വ്യക്തിഗത ക്രിപ്റ്റോ നിക്ഷേപ അക്കൗണ്ടുകളാണ് ഇന്ത്യയിൽ ഉള്ളത്. ഇതിൽ 75 ശതമാനം പേർ 18 വയസ് മുതൽ 35 വയസ് വരെ പ്രായമുള്ളവരാണ്. കൂടാതെ, മൊത്തം നിക്ഷേപകരിൽ 9 ശതമാനവും വനിതകളാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ ക്രിപ്റ്റോ നിക്ഷേപകർ ഉള്ളത് ബെംഗളൂരു, ഡൽഹി, മുംബൈ നഗരങ്ങളിലാണ്. നടപ്പു സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ക്രിപ്റ്റോ കറൻസി ഡോജെകോയിനാണ്. മൊത്തം നിക്ഷേപത്തിന്റെ ഏകദേശം 11 ശതമാനവും ഇതിലാണ്. ബിറ്റ്കോയിനിൽ നിക്ഷേപം നടത്തിയവർ 9 ശതമാനമാണ്. അതേസമയം, എഥേറിയത്തിൽ 6.4 ശതമാനം നിക്ഷേപമാണ് ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള ക്രിപ്റ്റോ കറൻസി ബിറ്റ്കോയിനും, എഥേറിയവുമാണ്.