ദീർഘകാല നിക്ഷേപ പദ്ധതികൾ തിരയുന്നവരാണോ? ആർപിഎൽഐ ഗ്രാം സുവിധ സ്കീമിനെ കുറിച്ച് കൂടുതൽ അറിയാം


ദീർഘകാല നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുകളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ. ഉയർന്ന ലാഭം നേടാൻ സാധിക്കുന്നതിനാൽ പോസ്റ്റ് ഓഫീസുകൾ വഴി നൽകുന്ന നിക്ഷേപ പദ്ധതികൾക്ക് വൻ സ്വീകാര്യതയാണ് ഉള്ളത്. ഗ്രാമപ്രദേശങ്ങളിൽ ഉള്ളവരാണ് അധികവും പോസ്റ്റ് ഓഫീസ് പദ്ധതികളിൽ അംഗങ്ങളാകുന്നത്. അത്തരത്തിൽ സാധാരണക്കാർക്കിടയിൽ വമ്പൻ ഹിറ്റായി മാറിയ നിക്ഷേപ പദ്ധതിയാണ് റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (ആർപിഎൽഐ) ഗ്രാം സുവിധ സ്കീം. നിക്ഷേപം ആരംഭിച്ച് 5 വർഷത്തിനുശേഷം എൻഡോവ്മെന്റ് പ്ലാനാക്കി മാറ്റാൻ സാധിക്കുന്ന കൺവേർട്ടബിൾ ഇൻഷുറൻസ് പോളിസി കൂടിയാണ് ആർപിഎൽഐ ഗ്രാം സുവിധ സ്കീം. ഇവ 6 വർഷത്തിനുശേഷം സമ്പൂർണ ലൈഫ് അഷ്വറൻസ് സ്കീമായി പ്രവർത്തിക്കുന്നതാണ്.

കാലാവധി പൂർത്തിയാക്കുന്നതോടെ പോളിസി ഉടമയ്ക്ക് മെച്യൂരിറ്റി ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ഈ കാലയളവിൽ നിക്ഷേപകന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. പോളിസി കാലയളവിൽ ഉടമ മരണപ്പെടുകയാണെങ്കിൽ ആനുകൂല്യം നോമിനിക്ക് ലഭിക്കും. പോളിസി ഉടമ മരിക്കുമ്പോൾ സം അഷ്വേർഡിന്റെയും ബോണസിന്റെയും മുഴുവൻ ആനുകൂല്യവും ലഭിക്കുന്നതാണ്. പദ്ധതിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസും, ഉയർന്ന പ്രായപരിധി 45 വയസുമാണ്. ബോണസിന്റെ ആകെ തുക 12 ലക്ഷം രൂപയും, സം അഷ്വേർഡ് തുക 5 ലക്ഷം രൂപയുമാണ്. പ്രതിദിനം 25 രൂപയാണ് ഈ പദ്ധതിയിൽ നിക്ഷേപിക്കേണ്ടത്.