ഉത്സവകാലത്തിന്റെ ആവേശം കുറഞ്ഞതോടെ നിറം മങ്ങി ക്രെഡിറ്റ് കാർഡ് ചെലവാക്കലുകൾ. കഴിഞ്ഞ ഒക്ടോബറിൽ പുതിയ ഉയരങ്ങൾ കീഴടക്കിയ ക്രെഡിറ്റ് കാർഡ് ചെലവാക്കലുകൾ നവംബർ എത്തിയതോടെ കുത്തനെ ഇടിയുകയായിരുന്നു. സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ ഒക്ടോബറിൽ കാർഡ് ചെലവാക്കലുകളിൽ 25 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒക്ടോബറിലെ ചെലവ് 1.78 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. അതേസമയം, നവംബർ എത്തിയപ്പോഴേക്കും ക്രെഡിറ്റ് കാർഡ് ചെലവഴിക്കലുകൾ 1.61 കോടി രൂപയായി ചുരുങ്ങി. ഇതോടെ, മാസാധിഷ്ഠിത ഇടിവ് 10.04 ശതമാനമായി.
രാജ്യത്ത് ഏകദേശം 9.60 കോടി ക്രെഡിറ്റ് കാർഡുകളാണ് ഉപയോഗത്തിലുള്ളത്. നവംബറിൽ മാത്രം 12.90 ലക്ഷം പുതിയ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്തെ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്നത് എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡാണ്. 1.95 കോടി ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ ഉള്ള എച്ച്ഡിഎഫ്സി ബാങ്ക്, നവംബറിൽ രേഖപ്പെടുത്തിയ ക്രെഡിറ്റ് കാർഡ് ചെലവഴിക്കൽ തുക 42,049 കോടി രൂപയാണ്. ഒക്ടോബറിനേക്കാൾ 6.92 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. 1.83 കോടി ഉപഭോക്താക്കൾ ഉള്ള എസ്ബിഐ കാർഡിലെ ചെലവഴിക്കൽ 11.29 ശതമാനം താഴ്ന്ന്, 31,048 കോടി രൂപയായി.