ചരക്ക് നീക്കത്തിലൂടെ ലക്ഷ്യമിടുന്നത് കോടികളുടെ വരുമാനം! പുതിയ പദ്ധതിയുമായി കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ


ചരക്ക് നീക്കത്തിലൂടെ കോടികളുടെ വരുമാനം ലക്ഷ്യമിട്ട് കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ചരക്ക് നീക്ക സർവീസ് വഴി പ്രതിവർഷം ശരാശരി 50 കോടി രൂപയുടെ വരുമാനം നേടാനാണ് പദ്ധതി. ആന്ധ്രപ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനെ മാതൃകയാക്കിയാണ് കർണാടക കെഎസ്ആർടിസിയുടെ നീക്കം. ഇതിനു മുൻപ് ചരക്ക് നീക്ക സർവീസുകൾക്കായി ‘നമ്മ കാർഗോ’പദ്ധതിക്ക് കെഎസ്ആർടിസി തുടക്കമിട്ടിരുന്നു. യാത്രാ ബസുകൾ പ്രയോജനപ്പെടുത്തിയാണ് അന്ന് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ജിപിഎസ് സംവിധാനം ഉൾപ്പെടെയുള്ള 20 ട്രക്കുകളാണ് നമ്മ കാർഗോ പദ്ധതിയിൽ ഉൾപ്പെടുത്തുക. വരും വർഷങ്ങളിൽ കൂടുതൽ ട്രക്കുകൾ കൂട്ടിച്ചേർത്ത് 2025 ഓടെ ചരക്ക് നീക്കത്തിൽ നിന്നുള്ള വരുമാനം നൂറുകോടി രൂപയായി ഉയർത്താനാണ് ലക്ഷ്യം. നിലവിലുള്ള ട്രക്കുകൾക്ക് ആറ് ടൺ വീതം ഭാരം വഹിക്കാൻ കഴിയുന്നതാണ്. പ്രധാനമായും പഴം, പച്ചക്കറി, വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവയുടെ ചരക്ക് നീക്കമാണ് നടത്തുക.

ബെംഗളൂരു, മൈസൂരു, തുമക്കൂരു, മംഗളൂരു, ശിവമൊഗ്ഗ, ചിക്കമംഗളൊരു, കോലാർ, ദേവനഗരെ എന്നിവിടങ്ങളിൽ നമ്മ കാർഗോ സേവനം ലഭിക്കുന്നതാണ്. 1 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെ ചരക്ക് നീക്കത്തിന് കിലോമീറ്ററിന് 50 രൂപ വീതമാണ് നിരക്ക്. 200 കിലോമീറ്റർ വരെ പോകണമെങ്കിൽ, കിലോമീറ്ററിന് 40 രൂപയാണ്. നിലവിൽ, നമ്മ കാർഗോ സേവനത്തിനായി ആവശ്യത്തിന് ഡ്രൈവർമാർ ഉണ്ടെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. കൂടുതൽ പേരെ ആവശ്യമെങ്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ്.