ന്യൂഡൽഹി: ജീവനക്കാരുടെ എണ്ണം കുത്തനെ വെട്ടിക്കുറച്ച് പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. ഒന്നിലധികം ഡിവിഷനുകളിൽ നിന്നായി ഏകദേശം ആയിരത്തിലധികം തൊഴിലാളികളെയാണ് പേടിഎം പിരിച്ചുവിട്ടിരിക്കുന്നത്. പ്രധാനമായും ഓപ്പറേഷൻസ് ആൻഡ് മാർക്കറ്റിംഗ് ടീമിലെ ജീവനക്കാരെയാണ് ഇത്തവണ നടന്ന പിരിച്ചുവിടൽ ബാധിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവാണ് ഇത്തവണ തൊഴിലാളികൾക്ക് തിരിച്ചടിയായത്.
വിവിധ മേഖലകളിലെ ആവർത്തിച്ചുള്ള ജോലികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് പേടിഎമ്മിന്റെ തീരുമാനം. എഐ പവേർഡ് ഓട്ടോമേഷൻ ഉപയോഗിച്ചാണ് ജോലികൾ ചെയ്യുക. കാര്യക്ഷമത വർദ്ധിപ്പിക്കാനും, ചെലവ് ചുരുക്കാനും എഐ സാങ്കേതികവിദ്യ ഏറെ ഗുണം ചെയ്യുമെന്ന് പേടിഎം വ്യക്തമാക്കി. ഇതിലൂടെ ജീവനക്കാരുടെ ചെലവ് 15 ശതമാനത്തിലധികം ലാഭിക്കാൻ കമ്പനിക്ക് കഴിയുന്നതാണ്. ആവർത്തിച്ചുളള ജോലികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്തുന്നതോടെ ഇനിയും ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന.