രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണപ്രേമി മുംബൈയിൽ! ഈ വർഷം ഇതുവരെ ഭക്ഷണം ഓർഡർ ചെയ്തത് 3,580 തവണ


മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണ പ്രേമിയെ ലോകത്തിനായി പരിചയപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. മുംബൈ സ്വദേശിയായ ഹനീസാണ് ഇത്തവണ ഏറ്റവും കൂടുതൽ ഭക്ഷണം ഓർഡർ ചെയ്ത് ശ്രദ്ധ നേടിയിരിക്കുന്നത്. ഈ വർഷം ഇതുവരെ 3,580 ഓർഡറുകളാണ് ഹനീസ് നൽകിയത്. ഒരു ദിവസം ഏറ്റവും കുറഞ്ഞത് 9 തവണയെങ്കിലും ഹനീസ് സൊമാറ്റോയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാറുണ്ട്. അതേസമയം, ഒരു ദിവസം ഏറ്റവും കൂടുതൽ ഭക്ഷണം ഓർഡർ ചെയ്തതും മുംബൈ സ്വദേശിയായ മറ്റൊരു വ്യക്തിയാണ്. ഇയാൾ ഒരു ദിവസം 121 തവണയാണ് ഭക്ഷണം ഓർഡർ ചെയ്തത്.

ഭക്ഷണപ്രേമിയുടെ വിവരങ്ങൾ പങ്കുവച്ചതിന് പുറമേ, കൂടുതൽ ഭക്ഷണപ്രേമികൾ ഉള്ള നഗരത്തെക്കുറിച്ചും സൊമാറ്റോ രസകരമായ കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. ഈ വർഷം ഏറ്റവും കൂടുതൽ ബ്രേക്ക് ഫാസ്റ്റ് ഓർഡർ ചെയ്ത നഗരം ബെംഗളൂരുവും, ഡിന്നർ ഓർഡർ ചെയ്ത നഗരം ഡൽഹിയുമാണ്. ബെംഗളൂരു സ്വദേശിയായ ഒരാൾ 46,273 രൂപയുടെ ഭക്ഷണമാണ് ഒറ്റയടിക്ക് ഓർഡർ ചെയ്തത്. മറ്റൊരു ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഇതിനോടകം തന്നെ ഓർഡറുകളുടെ കണക്ക് പുറത്തുവിട്ടിട്ടുണ്ട്. സ്വിഗ്ഗിയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണിയാണ്. തുടർച്ചയായ എട്ടാം വർഷമാണ് ബിരിയാണി ഒന്നാം സ്ഥാനം നിലനിർത്തുന്നത്.