പെൺകുട്ടികളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സുകന്യ സമൃദ്ധി യോജന: അറിയേണ്ടതെല്ലാം


പെൺകുട്ടികളുടെ ഉന്നമനത്തിനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനുമായി നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. അത്തരത്തിൽ കേന്ദ്രസർക്കാർ രൂപകൽപ്പന ചെയ്ത പ്രധാന പദ്ധതികളിൽ ഒന്നാണ് സുകന്യ സമൃദ്ധി യോജന. 2015-ൽ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസർക്കാർ സുകന്യ സമൃദ്ധി യോജന ആവിഷ്കരിച്ചത്. 10 വയസിന് താഴെ പ്രായമുള്ള പെൺകുട്ടിയുടെ പേരിൽ അവരുടെ രക്ഷിതാവിന് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാവുന്നതാണ്. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.

ഒരു സാമ്പത്തിക വർഷത്തിൽ ഏറ്റവും ചുരുങ്ങിയത് 250 രൂപയും, പരമാവധി 1.5 ലക്ഷം രൂപയുമാണ് നിക്ഷേപിക്കാൻ സാധിക്കുക. പെൺകുട്ടിയുടെ ജനനം മുതൽ 14 വയസ് തികയുന്നതുവരെ നിക്ഷേപം നടത്താവുന്നതാണ്. 18 വയസ് പൂർത്തിയായാൽ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിൻവലിക്കാൻ സാധിക്കും. ബാക്കിയുള്ള തുക പെൺകുട്ടിക്ക് 21 വയസ് ആകുമ്പോൾ പിൻവലിക്കാൻ കഴിയും. ഒരു പെൺകുട്ടിയുടെ പേരിൽ ഒരു ഒറ്റ അക്കൗണ്ട് മാത്രമേ അനുവദിക്കുകയുള്ളൂ. ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെൺകുട്ടികൾക്ക് മാത്രമാകും അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുക. അതായത്, മൂന്ന് പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് രണ്ട് പെൺകുട്ടികളുടെ പേരിൽ മാത്രമാണ് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ കഴിയുകയുള്ളൂ. ബാങ്ക് മുഖേനയോ, പോസ്റ്റ് ഓഫീസുകൾ മുഖേനയോ പദ്ധതിയിൽ ചേരാവുന്നതാണ്.