ഇന്ത്യൻ ഫുഡ് പാർക്കുകളിലേക്ക് കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി യുഎഇ, ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ



ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന ഫുഡ് പാർക്കുകളിലേക്ക് കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി യുഎഇ. റിപ്പോർട്ടുകൾ പ്രകാരം, 200 കോടി ഡോളറിന്റെ നിക്ഷേപമാണ് യുഎഇ നടത്തുക. മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ പുതിയ നീക്കം. നാല് രാജ്യങ്ങളുടെ കൂട്ടായ്മയായ ഐ2യു2-ന് (ഇന്ത്യ, ഇസ്രായേൽ, യുഎഇ, യുഎസ്എ) കീഴിലാണ് നിക്ഷേപം നടത്തുന്നത്. ഫുഡ് പാർക്കുകളിൽ ഭക്ഷണം പ്രോസസ് ചെയ്യുകയും, അവ നിക്ഷേപക രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നതാണ്.

അവശ്യ ചരക്കുകളുടെ നിയമപ്രകാരം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ കുറിച്ചുള്ള ആശങ്കകൾ അടുത്തിടെ ഇന്ത്യയും യുഎഇയും പരിഹരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടികളുടെ നിക്ഷേപങ്ങളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ യുഎഇ നടത്തിയത്. പദ്ധതി പ്രകാരമുള്ള ആദ്യത്തെ ഫുഡ് പാർക്ക് ഗുജറാത്തിൽ സ്ഥാപിച്ചേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കൃഷിക്കും മറ്റുമായി നിക്ഷേപകർ പ്രദേശവാസികളുമായി ഉടൻ തന്നെ കരാറിൽ ഏർപ്പെടുന്നതാണ്.

Also Read: രാജ്യത്ത് 12% ആയിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ 2.5 % ആയെന്ന് ജി സുധാകരന്റെ കുറ്റപ്പെടുത്തൽ: പ്രതികരിക്കാതെ സിപിഎം

ഫുഡ് പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ അനുമതികൾക്കായി യുഎഇ ഗുജറാത്ത് സർക്കാരുമായി ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. വിവിധ തലങ്ങളിൽ നിന്നുള്ള അനുമതി ലഭിച്ചശേഷം ഘട്ടം ഘട്ടമായി നിക്ഷേപം നടത്തും. ഇതിലൂടെ ഭക്ഷ്യസുരക്ഷ കൂടുതൽ ഉറപ്പുവരുത്തുന്നതാണ്. ഗുജറാത്തിന് പുറമേ, മറ്റു സംസ്ഥാനങ്ങളിലും ഫുഡ് പാർക്ക് സ്ഥാപിക്കുന്നത് യുഎഇയുടെ പരിഗണനയിലുണ്ട്.