ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകളുടെ എണ്ണം വർദ്ധിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് പുറത്തുവിട്ട ‘ട്രെൻഡ് ആൻഡ് പ്രോഗ്രസ് ബാങ്കിംഗ് ഇൻ ഇന്ത്യ 2022-23’ റിപ്പോർട്ടിലാണ് തട്ടിപ്പുകളെ സംബന്ധിച്ച കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ ആറ് മാസത്തിൽ 14,483 തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏകദേശം 2,642 കോടി രൂപയാണ് ഇക്കാലയളവിൽ തട്ടിപ്പ് സംഘം തട്ടിയെടുത്തത്. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയെ അപേക്ഷിച്ച്, 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ തട്ടിപ്പുകളുടെ എണ്ണം മൂന്നിരട്ടിയായാണ് ഉയർന്നിരിക്കുന്നത്. തട്ടിപ്പുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നത് ബാങ്കിംഗ് മേഖലയിലുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആർബിഐ വ്യക്തമാക്കി .
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ തട്ടിപ്പുകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും, തട്ടിപ്പുകളിൽ ഉൾപ്പെട്ട പണത്തിന്റെ മൂല്യം വർഷത്തെ അപേക്ഷിച്ച് ഏകദേശം 85 ശതമാനം കുറഞ്ഞിട്ടുണ്ട്. ഈ കാലയളവിൽ ക്രെഡിറ്റ് അല്ലെങ്കിൽ ഇന്റർർനെറ്റ് സംബന്ധമായ 12,069 തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തട്ടിപ്പുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഉപഭോക്താക്കളും, ബാങ്കിംഗ് മേഖലകളിൽ പ്രവർത്തിക്കുന്നവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. വ്യാജ ലിങ്കുകൾ വഴിയുള്ള പണമിടപാടുകളും മറ്റും വലിയ രീതിയിൽ ധന നഷ്ടത്തിന് കാരണമായേക്കാം. അതിനാൽ, ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരായിരിക്കണം.