ആലപ്പുഴ: സംസ്ഥാനത്ത് കെവൈസി അപ്ഡേഷന്റെ പേരിൽ വീണ്ടും തട്ടിപ്പ്. കെവൈസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കാനെന്ന വ്യാജേന വയോധികനിൽ നിന്ന് വൻ തുകയാണ് ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തത്. ഹരിപ്പാട് സ്വദേശി വടക്കത്തിൽ മുഹമ്മദ് സാലി എന്ന 70-കാരനാണ് തട്ടിപ്പിന് ഇരയായത്. വിദഗ്ധമായി കബളിപ്പിച്ച് ഇയാളിൽ നിന്ന് 43,000 രൂപയാണ് തട്ടിപ്പ് സംഘം സ്വന്തമാക്കിയത്. കെവൈസി ബ്ലോക്കായിട്ടുണ്ടെന്ന വ്യാജ കോൾ വയോധികന് ലഭിച്ചതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
കെവൈസി വിവരങ്ങൾ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യുന്നതിനായി തട്ടിപ്പ് സംഘം പ്രത്യേക ലിങ്ക് വയോധികന് അയച്ച് നല്‍കുകയായിരുന്നു. തുടർന്ന് മൊബൈലിൽ വന്ന ഒടിപി നമ്പർ തട്ടിപ്പ് സംഘങ്ങൾക്ക് അദ്ദേഹം കൈമാറുകയും ചെയ്തു. ഇതോടെ, നിമിഷങ്ങൾക്കകം ബാങ്ക് അക്കൗണ്ടിൽ നിന്ന് 43,000 രൂപയാണ് പിൻവലിക്കപ്പെട്ടത്. തട്ടിപ്പിന് ഇരയായി എന്ന് മനസിലായതോടെ അദ്ദേഹം പോലീസിൽ പരാതി നൽകുകയായിരുന്നു. വയോധികന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ വ്യാപകമാണെന്നും, അതിനെതിരെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.