വിസ രഹിത പ്രവേശനം: വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് കെനിയ


വിസ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിച്ച വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് പ്രമുഖ ആഫ്രിക്കൻ രാജ്യമായ കെനിയ. രാജ്യത്ത് പ്രവേശിക്കാൻ ഇനി ആർക്കും വിസ വേണ്ടെന്ന കെനിയയുടെ ചരിത്രപരമായ തീരുമാനത്തിനുശേഷം രാജ്യത്ത് എത്തിയ സഞ്ചാരികളെയാണ് കെനിയൻ ഭരണകൂടം സ്വാഗതം ചെയ്തത്. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് നെയ്റോബിലേക്ക് വിമാനമാർഗ്ഗമാണ് സഞ്ചാരികൾ എത്തിയത്. വിസ നടപടികൾ യാതൊന്നും ഇല്ലെങ്കിലും, ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള രജിസ്ട്രേഷൻ നിർബന്ധമായും പൂർത്തിയാക്കേണ്ടതുണ്ട്.

വിനോദസഞ്ചാര മേഖലയിലെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് കെനിയ വിസ രഹിത പ്രവേശനം അനുവദിച്ചത്. പുതിയ പ്രഖ്യാപനത്തിന് പിന്നാലെ, കെനിയയിലെ വൈൽഡ് ലൈഫ് സഫാരി ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ്, റിസോർട്ട് ബുക്കിംഗ് എന്നിവ കുത്തനെ ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ സഞ്ചാരികൾ രാജ്യത്തേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.

കോവിഡാനന്തരം കെനിയയിലെ വിനോദസഞ്ചാര മേഖല വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് അഭിമുഖീകരിച്ചത്. 2022-ൽ 1.5 കോടി വിദേശ സഞ്ചാരികൾ കെനിയയിൽ എത്തിയെങ്കിലും, അവ കോവിഡിന് മുൻപ് ഉള്ളതിനേക്കാൾ കുറവായിരുന്നു. ഇതോടെയാണ് സഞ്ചാരികളെ ആകർഷിക്കാൻ വിസ ഒഴിവാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് ഭരണകൂടം നീങ്ങിയത്. അതിമനോഹരമായ ഭൂപ്രകൃതിയും, വൈവിധ്യങ്ങൾ നിറഞ്ഞ സംസ്കാരവുമാണ് കെനിയയെ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.