തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാനുള്ള സാധ്യത മങ്ങുന്നു. പെൻഷൻ നൽകുന്നതിനായി പ്രതിമാസം 900 കോടി വകയിരുത്തുമെന്നും, ക്ഷേമ പെൻഷൻ അടക്കം സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് പ്രാമുഖ്യം നൽകുമെന്നും നയപ്രഖ്യാപനത്തിൽ പറഞ്ഞ സർക്കാർ ഇത്തവണയും പെൻഷൻ തുക കൂട്ടാൻ തയ്യാറായിക്കില്ലെന്നാണ് സൂചന. രണ്ടാം പിണറായി സർക്കാർ കാലാവധി തീർക്കുമ്പോൾ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ 2500 രൂപയാക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിലവിലെ സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്ന നിലപാടാണ് ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്.
ബഡ്ജറ്റ് അവതരണം നടക്കുന്ന ഫെബ്രുവരി മാസം കൂടി ചേർത്താൽ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കുടിശ്ശിക ആറ് മാസമാകും. ഒന്നാം പിണറായി സർക്കാറിന്റെ കാലം തൊട്ട് ഇതാദ്യമായാണ് ക്ഷേമ പെൻഷൻ കുടിശ്ശിക ഇത്രയും ഉയരുന്നത്. അതേസമയം, പെൻഷൻ നൽകുന്നതിനായി പണം വകയിരുത്താൻ കഴിഞ്ഞ ബഡ്ജറ്റിൽ ഏർപ്പെടുത്തിയ ഇന്ധന സെസ്സ് വഴി സമാഹരിച്ചത് 750 കോടി രൂപ മാത്രമാണ്. തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ കേന്ദ്ര ബഡ്ജറ്റിൽ വലിയ രീതിയിലുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, സംസ്ഥാനത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന അഭിപ്രായം സിപിഎമ്മിനകത്ത് ഉടലെടുത്തിട്ടുണ്ട്.