പിരിച്ചുവിടൽ ഭീതിയിൽ സ്പൈസ് ജെറ്റ്: 15 ശതമാനം ജീവനക്കാർ പുറത്തേക്ക്



രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനികളിൽ ഒന്നായ സ്പൈസ് ജെറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കമ്പനിയിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. ഇതോടെ, 1400 ജീവനക്കാരാണ് കമ്പനിയിൽ നിന്നും പുറത്താകുക. സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെയാണ് ജീവനക്കാരെ പിരിച്ചുവിടുക എന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. നിലവിൽ, 9000 ജീവനക്കാരാണ് സ്പൈസ് ജെറ്റിന് കീഴിൽ ജോലി ചെയ്യുന്നത്. പ്രതിമാസം 60 കോടി രൂപയാണ് ശമ്പളം നൽകുന്നതിനായി സ്പൈസ് ജെറ്റ് ചെലവഴിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി സ്പൈസ് ജെറ്റ് ശമ്പളം നൽകുന്നതിൽ കാലതാമസം നേരിട്ടിരുന്നു. പല ജീവനക്കാർക്കും ജനുവരി മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങളെ തുടർന്ന് സ്പൈസ് ജെറ്റ് ഓഹരികൾ കനത്ത ഇടിവാണ് നേരിട്ടത്. 2019-ൽ സ്പൈസ് ജെറ്റിന് 118 വിമാനങ്ങളും, 16,000-ലധികം ജീവനക്കാരും ഉണ്ടായിരുന്നു. നിലവിൽ, 30 വിമാനങ്ങളാണ് സർവീസ് നടത്തുന്നതിനായി ഉപയോഗിക്കുന്നത്. ഇതിൽ 8 വിമാനം പാട്ടത്തിന് എടുത്തതാണ്. അതേസമയം, പ്രതിസന്ധി മറികടക്കുന്നതിനായി 2200 കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമങ്ങളിലാണ് എയർലൈൻ.

Also Read: കർഷക സമരം: അധികാരത്തിലെത്തിയാൽ കർഷകർക്ക് എംഎസ്പി ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി