പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ആവേശം


മുംബൈ: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ആവേശം. സെന്‍സെക്സ് 378.59 പോയിന്റ് ഉയര്‍ന്ന് 74,804 ലും നിഫ്റ്റി 105.65 പോയിന്റ് ഉയര്‍ന്ന് 22,726 ലും എത്തി.

നിഫ്റ്റിയില്‍ 29 കമ്പനികള്‍ മുന്നേറിയപ്പോള്‍ 21 എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി. എന്‍ടിപിസി, എസ്ബിഐ, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, പവര്‍ ഗ്രിഡ് എന്നിവയാണ് നേട്ടമുണ്ടാക്കിയവരില്‍ മുന്നില്‍. ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ഹിന്‍ഡാല്‍കോ, നെസ്ലെ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.

ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. രാവിലെ 9.15 ഓടെ വിപണിയില്‍ ശക്തമായ ഓപ്പണിംഗാണ് നടന്നത്.
വോട്ടണ്ണല്‍ ദിവസമായിരുന്ന ചൊവ്വാഴ്ച സൂചികകള്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയെങ്കിലും ബുധനാഴ്ച തിരിച്ചു കയറി. ഇന്നലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് വീണ്ടും 700 പോയിന്റ് ഉയര്‍ന്ന് 75,000 കടന്നു. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിഫ്റ്റി 22,573 പോയിന്റിലധികം കടക്കുകയും ചെയ്തു.