പാലോട്: വയോധികനെ ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ ഗുണ്ട അറസ്റ്റിൽ. ആലംപാറ തോട്ടരികത്ത് ആര്യഭവനിൽ റെമോ എന്നു വിളിക്കുന്ന അരുണിനെ (24) യാണ് അറസ്റ്റ് ചെയ്തത്. പാലോട് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഓട്ടോറിക്ഷ ഡ്രൈവറായ ആലംപാറ ഊളൻകുന്ന് കോണത്തുവീട്ടിൽ സുരേന്ദ്ര(72)നെയാണ് ഇയാൾ ആക്രമിച്ചത്. രാത്രിയിൽ വീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് ആരുമില്ലാത്ത പ്രദേശത്ത് പതിയിരുന്ന് വയോധികനെ ആക്രമിച്ച് പണം കവർന്നത്. തുടർന്ന്, വനത്തിൽ ഏറുമാടം കെട്ടി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ പൊലീസ് അതിസാഹസികമായിട്ടാണ് പിടികൂടിയത്.
റൂറൽ എസ്പി ഡി. ശിൽപ, നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ എന്നിവരുടെ നിർദ്ദേശ പ്രകാരം പാലോട് ഇൻസ്പെക്ടർ പി. ഷാജിമോന്റെ നേതൃത്വത്തിൽ എസ്. നിസാറുദീൻ, എ. റഹീം എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.