ഹോട്ടൽ മുറിയിലെ യുവതിയുടെ കൊലപാതകം ക്രൂരമായ പീഡനത്തിനുശേഷം; മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പൊലീസിന്


കൊച്ചി: നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റ് മരിച്ചത് ക്രൂരമായ ശാരീരിക പീഡനത്തിനും കുറ്റവിചാരണയ്ക്കുമൊടുവിലെന്ന് പൊലീസ്. യുവതിയുടെ മരണത്തിന് മിനിറ്റുകൾക്ക് മുൻപെടുത്ത വിഡിയോ ദൃശ്യങ്ങൾ പ്രതിയുടെ മൊബൈലിൽ നിന്ന് പൊലീസിന് ലഭിച്ചു.

കോട്ടയം ചങ്ങനാശേരി വാലുമ്മച്ചിറ ചീരംവേലിൽ രവിയുടെയും തങ്കമ്മയുടെയും മകൾ രേഷ്മ രവി (27) ആണ് ബുധനാഴ്ച രാത്രി 9.30 ഓടെ കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രേഷ്മയുടെ സുഹൃത്തും ഇതേ ഹോട്ടലിലെ കെയർടേക്കറുമായ കോഴിക്കോട് ബാലുശേരി പി എ നൗഷിദിന്റെ അറസ്റ്റ് നോർത്ത് പൊലീസ് രേഖപ്പെടുത്തി.

നോർത്ത് കൈപ്പിള്ളി ലെയിനിലെ കൈപ്പിള്ളി അപാർട് ഹോട്ടലിലാണ് കൊല നടന്നത്. നൗഷിദിന്റെ ചില ശാരീരിക പ്രത്യേകതകളെ രേഷ്മ കളിയാക്കുകയും ഇക്കാര്യം സുഹൃത്തുക്കളോട് പങ്കുവയ്ക്കുകയും ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നൽകി.

സമൂഹമാധ്യമത്തിലൂടെയാണ് രേഷ്മയും നൗഷിദും പരിചയപ്പെട്ടത്. തനിക്കൊപ്പം ലിവിങ് ടുഗദർ ജീവിതമാരംഭിക്കാൻ ഫ്ലാറ്റ് വാടകയ്ക്കെടുക്കാൻ ആവശ്യപ്പെട്ട് രേഷ്മ നൗഷിദിൽ സമ്മർദം ചെലുത്തിയിരുന്നു. ഇതിന് തയാറാകാതെ വന്നതോടെയാണു തന്നെപ്പറ്റി മോശമായ പരാമർശങ്ങൾ രേഷ്മ നടത്തിയതെന്നാണു മൊഴി. തുടർന്നു ബുധനാഴ്ച രേഷ്മയെ നൗഷിദ് ഫോൺ ചെയ്തു ഹോട്ടലിന്റെ രണ്ടാം നിലയിലെ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

രേഷ്മ മുറിയിലെത്തിയ ഉടൻ കളിയാക്കിയതിനെച്ചൊല്ലി ചോദ്യംചെയ്യലും മർദനവും തുടങ്ങി. ഇതെല്ലാം മൊബൈലിൽ പകർത്തുകയും ചെയ്തു. മാനസിക- ശാരീരിക പീഡനം സഹിക്കാനാകാതെ ഒരു ഘട്ടത്തിൽ ‘തന്നെ കൊന്നേക്കാൻ’ രേഷ്മ ആവശ്യപ്പെട്ടെന്നും ഇതോടെയാണു കൈയിൽ കരുതിയ കത്തികൊണ്ടു രേഷ്മയുടെ കഴുത്തിൽ കുത്തിയതെന്നുമാണ് നൗഷിദ് പൊലീസിനോട് പറഞ്ഞത്.

പ്രതി തന്നെയാണു ഹോട്ടൽ ഉടമയെ വിളിച്ച് രേഷ്മയെ താൻ കുത്തിയതായി അറിയിച്ചത്. വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോഴും രേഷ്മയ്ക്കു ജീവനുണ്ടായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രതിക്കെതിരെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമത്തിനു മുമ്പ് കേസുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലമായി രേഷ്മ എറണാകുളത്താണ് താമസം. വീട്ടിലേക്ക് പോയിട്ട് മാസങ്ങളായി. ഓണത്തോടനുബന്ധിച്ചു വീട്ടിൽ വരാമെന്ന് ബന്ധുക്കളോടു ഫോണിൽ പറഞ്ഞിരുന്നു. സഹോദരൻ: രാഗേഷ്. സംസ്കാരം ഇന്നു 12ന് വീട്ടുവളപ്പിൽ.

രേഷ്മ തനിക്കെതിരെ ദുർമന്ത്രവാദം നടത്തിയിരുന്നുവെന്നും തന്റെ ശാരീരിക വൈകല്യങ്ങളുടെ യഥാർത്ഥ കാരണം അതാണെന്നും നൗഷിദ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രേഷ്മയ്ക്കൊപ്പമുള്ള ദിവസങ്ങളിൽ രാത്രി ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്റെ വായിൽ രക്തം നിറയുക പതിവാണെന്നും ദുർമന്ത്രവാദത്തിന്റെ ഫലമാണ് ഇതെന്നുമുള്ള അവിശ്വസനീയമായ കാര്യങ്ങളും മൊഴിയിലുണ്ട്. നൗഷിദ് പകർത്തിയ, രേഷ്മയെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളിലും ഇത്തരം ആരോപണങ്ങളുണ്ട്.

പൊലീസിന്റെ ചോദ്യങ്ങൾക്ക് പരസ്പരവിരുദ്ധമായ ഉത്തരങ്ങൾ നൽകി തനിക്ക് മാനസികരോഗമാണെന്ന് വരുത്തിത്തീർക്കാനുള്ള തന്ത്രം പ്രതി നടത്തുന്നതായി പൊലീസ് സംശയിക്കുന്നു