കൊല്ലം: കൊട്ടാരക്കര പൂവറ്റൂരിൽ തുണിക്കടയുടെ മുന്നിൽ കോഴിയെ അറുത്ത് ദുർമന്ത്രവാദം നടത്തിയതായി പരാതി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. സി സി ടി വി ദൃശ്യങ്ങൾ കടയുടമയായ സത്യന് ലഭിച്ചു.
പതിവുപോലെ സത്യൻ കഴിഞ്ഞ ദിവസം രാത്രി കടയടച്ചു വീട്ടിൽപോയതിന് ശേഷമായിരുന്നു സംഭവം. രാത്രി 12:30 ന് ഒരാൾ തുണിക്കടയുടെ മുന്നിൽ എത്തുകയും നിർത്തിയിട്ടിരുന്ന വാഹനത്തിന്‍റെ മറവിൽ വന്നുപോകുന്നതായും സി സി ടി വി ദൃശ്യങ്ങളിൽ കാണാം. പുലർച്ചെ സമീപത്തെ കടയിലെ ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് സത്യൻ വന്ന് നോക്കിയപ്പോഴാണ് കോഴിയെ അറുത്ത് ഇട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയത്.
കോഴിയുടെ തലയും, ഉടലും അറുത്തുമാറ്റുകയും പൂക്കൾ വാരി വിതറിയതായും കണ്ടതായി കടയുടമ പറയുന്നു. തുടർന്ന് സി സി ടി വി പരിശോധിച്ചപ്പോഴാണ് സംശയാസ്പദമായി ഒരാളെ ക്യാമറയിൽ കാണാൻ ഇടയായതും ദൃശ്യങ്ങൾ ലഭിച്ചതും. സമീപവാസികൾ ചേർന്ന് കോഴിയെ മറവ് ചെയ്യുകയും സത്യന്റെ കട വൃത്തിയാക്കി നൽകുകയും ചെയ്തു.
സംഭവത്തിൽ കടയുടമ പോലീസിൽ പരാതി നൽകി. സത്യന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സത്യന്‍റെ കടയിൽനിന്നുള്ള സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സത്യന്‍റെ വിശദമായ മൊഴിയും പൊലീസ് രേഖപ്പെടുത്തി.