31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

യുവതി തടാകത്തിൽ വീണുമരിച്ചത് കൊലപാതകം; ഭർത്താവ് എട്ടുവർഷത്തിന് ശേഷം അറസ്റ്റില്‍

Date:


കൊല്ലം: ശാസ്താംകോട്ട കായലിലെ എട്ടുവര്‍ഷം മുമ്പുള്ള യുവതിയുടെ മുങ്ങിമരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്. പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയുടെ (30) കൊലപാതകത്തില്‍ ഭര്‍ത്താവ് തേവലക്കര സ്വദേശി ഷിഹാബിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യുവതിയെ ശാസ്താംകോട്ട കായലില്‍ ഷിഹാബ് തള്ളിയിട്ട് കൊല്ലുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

2015 ജൂണ്‍ 17ന് രാത്രി ഏഴരയോടെയാണ് സംഭവം. ശാസ്താംകോട്ട ബോട്ട് ജെട്ടിയില്‍ നിന്ന് വെള്ളത്തില്‍ വീണ നിലയില്‍ അബോധാവസ്ഥയിലാണ് ഷജീറയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മൂന്ന് ദിവസത്തിനുശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തുടക്കം മുതല്‍ തന്നെ ഷിഹാബിന്റെ പ്രവൃത്തികളില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. എന്നാല്‍ ദൃക്‌സാക്ഷികളും നേരിട്ടുള്ള തെളിവുകളും ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചു. തുടക്കത്തില്‍ ശാസ്താംകോട്ട പൊലീസാണ് കേസ് അന്വേഷിച്ചത്.

രണ്ടുവര്‍ഷത്തിന് ശേഷം ഷജീറയുടെ ബന്ധുക്കളുടെ പരാതിയിലാണ് കൊല്ലം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. അന്വേഷണത്തിന്റെ തുടക്കം മുതല്‍ ഷിഹാബ് ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. ഷജീറയുമായി പ്രതിയുടെ രണ്ടാം വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ഏഴു മാസത്തിനകമാണ് ഷജീറ മരിക്കുന്നത്.

വെളുത്ത കാറും കറുത്ത പെണ്ണിനെയുമാണ് തനിക്ക് ലഭിച്ചത് എന്ന് പറഞ്ഞ് ഷജീറയെ ഷിഹാബ് മാനസികമായി പീഡിപ്പിച്ചിരുന്നതായി ക്രൈംബ്രാഞ്ച് പറയുന്നു. ഫോണ്‍ ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ല. സംഭവ ദിവസം കരിമീന്‍ കിട്ടുന്ന സ്ഥലം തൊട്ടടുത്ത് ഉണ്ടായിരിക്കേ ആറുകിലോമീറ്റര്‍ അകലെ മണ്‍റോതുരുത്തിന് സമീപം കരിമീന്‍ വാങ്ങാന്‍ എന്ന പേരില്‍ ഷജീറയെയും കൂട്ടി ബൈക്കില്‍ പോയി. അവിടെ നിന്ന് കരിമീന്‍ കിട്ടിയില്ല. തുടര്‍ന്ന് ആറരയോട് കൂടി ജങ്കാറില്‍ ബോട്ട് ജെട്ടിക്ക് സമീപത്തെത്തി. തിരികെ വീട്ടില്‍ പോകാതെ തലവേദനയാണ് എന്ന് പറഞ്ഞ് കടവില്‍ തന്നെ നിന്നു. തുടര്‍ന്ന് ഏഴരയോടെ ബോട്ട് ജെട്ടിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഷജീറയെ തള്ളിയിട്ട് കൊന്നു എന്നാണ് കേസ്.

ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഒന്നും അറിയാത്ത പോലെ ഫോണ്‍ ചെയ്ത് നില്‍ക്കുകയായിരുന്നു ഷിഹാബ്. സംഭവത്തില്‍ നേരിട്ടുള്ള തെളിവുകളും ദൃക്‌സാക്ഷികളും ഇല്ലാത്തത് അന്വേഷണത്തെ തടസ്സപ്പെടുത്തി. സാഹചര്യ തെളിവുകള്‍, സാക്ഷി മൊഴികള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസ് തെളിയിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഷജീറയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് ഷിഹാബ് കൊലപാതകം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related