കോഴിക്കോട്: കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തി. ഊരള്ളൂർ-നടുവണ്ണൂർ റോഡിൽ വയലിനോട് ചേര്‍ന്നാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കത്തിക്കരിഞ്ഞ കാലുകളാണ് കണ്ടെത്തിയത്. സമീപത്തു നിന്നും ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മറ്റു ശരീരഭാഗങ്ങള്‍ കണ്ടെത്താനായിട്ടില്ല.
ഞായറാഴ്ച രാവിലെ ഏഴുമണിക്ക് നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപപ്രദേശത്തു നിന്നും കാണാതായ വ്യക്തികളെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.
സമീപകാലത്തെ മറ്റു കാണാതായ കേസുകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ശരീരഭാഗം കണ്ടെത്തിയ സ്ഥലത്തെ വാഴക്കൂട്ടത്തിന് തീപിടിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, ഫോറൻസിക് സംഘം ഉൾപ്പെടെയുള്ള സംഘം സ്ഥലത്തുണ്ട്.