ബംഗളൂരു: അറുപത് വയസുകാരന്‍റെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് സ്ത്രീകളെ ജയനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഭീഷണിപ്പെടുത്തിയ യുവതികളുടെ അക്കൗണ്ടിലേക്ക് 82 ലക്ഷം രൂപ അയച്ചുനൽകിയെങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് വയോധികൻ പോലീസിനെ സമീപിച്ചത്. 40 വയസ്സുള്ള അന്നമ്മ, സ്നേഹ എന്നിവരാണ് അറസ്റ്റിലായത്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
തന്റെ ഒരു സുഹൃത്ത് മുഖേനയാണ് പരാതിക്കാരനായ വയോധികൻ അന്നമ്മയുമായി അടുപ്പത്തിലായതെന്ന് എഫ്‌ഐആറിൽ പറയുന്നു. പണം ആവശ്യമുള്ളതിനാൽ സഹായിക്കാൻ ഒരു സുഹൃത്ത് തന്നോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വയോധികനെ ആദ്യമായി കണ്ട അന്നമ്മ തന്റെ മകന് കാൻസർ ബാധിതനാണെന്ന് പറഞ്ഞ് 5000 രൂപ ആവശ്യപ്പെട്ടിരുന്നു.
ഈ വർഷം മേയിൽ അന്നമ്മ തന്നെ ഇലക്‌ട്രോണിക് സിറ്റിയിലെ ഒയോ ഹോട്ടലിൽ കൊണ്ടുപോയി ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തിയെന്നാണ് പരാതിക്കാരൻ പറയുന്നത്. തുടർന്ന് അന്നമ്മ അവളുടെ സുഹൃത്തായ സ്നേഹയെ വയോധികന് പരിചയപ്പെടുത്തി. ഇതിന് പിന്നാലെ സ്നേഹ തനിക്ക് നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെടാൻ തുടങ്ങി.
ഈ വർഷം ജൂണിൽ അന്നമ്മയിൽ നിന്ന് വയോധികന്‍റെ സ്വകാര്യ ചിത്രങ്ങൾ സ്‌നേഹ വാങ്ങി കുടുംബത്തിനും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. അപമാനം ഭയന്ന് വയോധികൻ 82 ലക്ഷം രൂപ അന്നമ്മയുടെ രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് അയച്ചുനൽകി.
സ്വകാര്യചിത്രങ്ങൾ കുടുംബത്തിന് അയച്ചുനൽകുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ 42 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെയാണ് വയോധികൻ ജയാനഗർ പൊലീസിൽ പരാതി നൽകിയത്. എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ രണ്ട് സ്ത്രീകളെ പ്രതികളാക്കി അന്വേഷണം നടന്നുവരികയാണ്.