ലിവ് ഇൻ പങ്കാളിയുടെ പ്രായപൂ‍‍‍ർത്തിയാകാത്ത മകനെ കൊന്ന 24 കാരി അറസ്റ്റിൽ


ന്യൂഡൽഹി: ലിവ് ഇൻ പങ്കാളിയുടെ മകനെ കൊന്ന് മൃതദേഹം ബെഡിനോട് ചേ‍ർന്നുള്ള ബോക്സിൽ ഒളിപ്പിച്ച യുവതി അറസ്റ്റിൽ. 11കാരനായ ദിവ്യാൻഷാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ രൺഹോലയിൽ താമസിക്കുന്ന 24 കാരിയായ പൂജ കുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുള്ളതിനാലാണ് തന്റെ ലിവ് ഇൻ പങ്കാളി ഭാര്യയെ വിവാഹമോചനം ചെയ്യാത്തതെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും പൂജ വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി 8:30ഓടെ മരിച്ച നിലയിൽ ഒരു ആൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതായി ബിഎൽകെ ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്ത് ഞെരിച്ചതിന്റെ പാടുകളുണ്ടായിരുന്നതായും ആശുപത്രി അധികൃത‍ർ പൊലീസിനെ അറിയിച്ചു. തുട‍ർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചു. 11കാരന്റെ വീട്ടിൽ അവസാനമായി എത്തിയത് പൂജ കുമാരി എന്ന സ്ത്രീയാണെന്ന് കണ്ടെത്തിയതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഉറങ്ങിക്കിടന്ന കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം ബെഡിലെ ബോക്‌സിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. യുവതി കുട്ടിയുടെ പിതാവ് ജിതേന്ദറുമായി ലിവ്-ഇൻ റിലേഷനിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

300 ലധികം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിനെ തുട‍ർന്നാണ് അറസ്റ്റ് നടത്തിയതെന്നും സ്‌പെഷ്യൽ പോലീസ് കമ്മീഷണർ (ക്രൈം) രവീന്ദ്ര സിംഗ് യാദവ് പറഞ്ഞു.

നജഫ്ഗഡ് നംഗ്ലോയ് റോഡിലെ രൺഹോല, നിഹാൽ വിഹാർ, റിഷാൽ ഗാർഡൻ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ യുവതിയെ കണ്ടെത്തിയിരുന്നു. ബക്കർവാല എന്ന സ്ഥലത്ത് നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

2019 ഒക്ടോബർ 17ന് ആര്യസമാജത്തിലെ ഒരു ക്ഷേത്രത്തിൽ വച്ചാണ് പൂജ കുമാരിയും ജിതേന്ദറും വിവാഹിതരായതെന്നാണ് റിപ്പോർട്ട്. എന്നാൽ ജിതേന്ദർ ഭാര്യയെ വിവാഹമോചനം ചെയ്യാത്തതിനാൽ പൂജയുമായുള്ള വിവാഹം നിയമപരമല്ല.

ഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം നിയമപരമായി വിവാഹം കഴിക്കാമെന്ന് ജിതേന്ദർ പൂജാ കുമാരിക്ക് ഉറപ്പ് നൽകിയിരുന്നതായി പോലീസ് പറഞ്ഞു. ജിതേന്ദറും പൂജാ കുമാരിയും ഒരു വീട് വാടകയ്‌ക്കെടുത്ത് ഒരുമിച്ചാണ് താമസിച്ചിരുന്നത്.

ജിതേന്ദറിന്റെ വിവാഹമോചനത്തെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇതിനെ തുട‍‍ർന്ന് ഇയാൾ വാടക വീട് വിട്ട് ഭാര്യയോടൊപ്പം താമസിക്കാൻ തുടങ്ങിയിരുന്നെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബ‍ർ മുതൽ ജിതേന്ദ‍ർ പൂ‍ർണമായും പൂജയെ വിട്ട് പോയിരുന്നു. ഇതിനെ തുട‍ർന്ന് മകൻ കാരണമാണ് ജിതേന്ദർ തന്നെ ഉപേക്ഷിച്ച് പോയതെന്ന് പൂജ കരുതിയിരുന്നതായും രവീന്ദ്ര സിം​ഗ് യാദവ് പറഞ്ഞു.

വ്യാഴാഴ്ച പൂജ തന്റെ ഒരു സുഹൃത്തിനെ കാണുകയും തന്നെ ജിതേന്ദറിന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വീടിന്റെ വാതിൽ തുറന്നാണ് കിടന്നിരുന്നത്. കുട്ടി ഉറങ്ങുകയായിരുന്നു. ഉറങ്ങിക്കിടന്ന ദിവ്യാൻഷിനെ കൊലപ്പെടുത്തിയ പൂജ ബെഡിനോട് ചേ‍ർന്നുള്ള ബോക്‌സിൽ നിന്ന് വസ്ത്രങ്ങൾ പുറത്തെടുത്ത ശേഷം മൃതദേഹം അതിനുള്ളിൽ വയ്ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.