ഇടുക്കിയിൽ ഗൃഹനാഥൻ കിടപ്പുമുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ; ദുരൂഹത


തൊടുപുഴ: ഗൃഹനാഥനെ കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവടി പ്ലാക്കൽവീട്ടിൽ സണ്ണി തോമസ് (57) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. മുറിയിൽനിന്ന് സ്ഫോടനശബ്ദം കേട്ട് വീട്ടുകാരെത്തി മുറി തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ച് സണ്ണിയെ കണ്ടെത്തിയത്.

പിന്നീട് പൊലീസ് എത്തി പരിശോധിച്ചെങ്കിലും തലയിലെ മുറിവാണ് മരണകാരണമെന്ന് കണ്ടെത്തുകയും ആത്മഹത്യയാണോ എന്ന സംശയത്തിൽ കേസ് എടുക്കുകയുമായിരുന്നു. എന്നാൽ ഉച്ചയോടെ നടത്തിയ പ്രാഥമിക പോസ്റ്റ്മോർട്ടത്തിലാണ് മൂക്കിനുസമീപം വെടിയേറ്റതായി സ്ഥിരീകരിച്ചത്.

ഇയാളുടെ മുറിയിൽനിന്ന് തോക്കോ വെടിയുണ്ടയോ കണ്ടെത്താനായില്ല എന്നത് ദുരൂഹത വർധിപ്പിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.