മദ്യപിക്കുന്നതിനിടെ വാക്കേറ്റം; യുവാവിനെ മദ്യകുപ്പികൊണ്ട് കുത്തിക്കൊന്ന സഹോദരൻ അറസ്റ്റിൽ


കന്യാകുമാരി: ഇരണിയലിൽ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ മദ്യ കുപ്പി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ  സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്യ്തു. ഇരണിയൽ കണ്ടൻവിള കുഴിയൂർ സ്വദേശി സെൽവരാജിന്റെ മകൻ സഹായ സെൽവനെ (33) കൊലപ്പെടുത്തിയ സംഭാവത്തിലാണ് സഹോദരൻ ജെയിംസ് രാജിനെ (35) പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും കൂലി തൊഴിലാളികളാണ്. സംഭവദിവസം മദ്യപിക്കുന്നതിടയിൽ ഇരുവർക്കുമിടയിൽ വാക്കേറ്റമുണ്ടായി. കുപിതനായ ജെയിംസ് രാജ് അടുത്തുണ്ടായിരുന്ന മദ്യ കുപ്പി പൊട്ടിച്ച് സഹായ സെൽവന്റെ കഴുത്തിൽ കുത്തുകയായിരുന്നു.

നിലവിളി കേട്ട് എത്തിയ നാട്ടുകാർ സഹായ സെൽവനെ ഉടനടി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചു.

ചികിത്സയിലിരിക്കവേയാണ് കഴിഞ്ഞദിവസം സഹായ സെൽവൻ മരണപ്പെട്ടത്. പിന്നാലെ ജെയിംസ് രാജിനെ ഇരണിയൽ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.