ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഓട്ടോയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു; രണ്ടു യുവാക്കള്‍ പിടിയിൽ


തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കള്‍ പിടിയില്‍. ചാലക്കുടി ചട്ടിക്കുളം സ്വദേശി കുന്നത്തുപറമ്പില്‍ സ്റ്റെഫിന്‍ (25), പുതുക്കാട് സ്വദേശി കൊളങ്ങാടന്‍ സില്‍ജോ (33) എന്നിവരാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം നടിച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതി. തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജുവും സംഗവുമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺക്കുട്ടിയെ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി രാത്രി ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ചേര്‍പ്പ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിശദമായ അന്വേഷണം നടത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയായ സ്റ്റെഫിനെതിരേ പട്ടികജാതി പീഡന നിരോധന നിയമപ്രകാരവുമാണ് അറസ്റ്റ് ചെയ്തത്.

Also read-മാളിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; വീഡിയോ വൈറലായതോടെ 61 കാരനായ റിട്ട. അധ്യാപകൻ കീഴടങ്ങി

സ്റ്റെഫിനെ തിങ്കളാഴ്ച രാത്രിയും, സില്‍ജോയെ ചൊവ്വാഴ്ചയുമാണ് കസ്റ്റഡിയില്‍ എടുത്തത്. ചേര്‍പ്പ് എസ്.ഐ. എസ്. ശ്രീലാല്‍, തോമസ്, എ.എസ്.ഐ. എം. സുമല്‍, സീനിയര്‍ സി.പി.ഒമാരായ ഇ.എസ്. ജീവന്‍, ജിബിന്‍ ജോസഫ്, കെ.എസ്. ഉമേഷ്, കെ.ബി. ഷറഫുദ്ദീന്‍, കെ.എസ്. സുനില്‍കുമാര്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.