കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ സർക്കാർ ഉദ്യോഗസ്ഥ മണൽ മാഫിയയ്‌ക്കെതിരെ നടപടിയെടുത്ത ജിയോളജിസ്റ്റ്


ബെംഗളുരു: അനധികൃത ഖനനത്തിനും മണല്‍ മാഫിയയ്ക്കുമെതിരെ നടപടിയെടുത്ത സര്‍ക്കാര്‍ ജിയോളജിസ്റ്റിനെ അജ്ഞാതര്‍ കഴുത്തറുത്ത് കൊന്നു. സൗത്ത് ബംഗളുരുവിലെ വീട്ടിലാണ് പ്രതിമ കെ.എസ് എന്ന 45കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വിധാന്‍ സൗദയ്ക്ക് അടുത്തുള്ള ദോഡകല്ലസാന്ദ്രയിലെ ഗോകുല്‍ നഗറിലുള്ള അപ്പാര്‍ട്ട്‌മെന്റിലെ 13-ാം നിലയിലുള്ള ഫ്‌ളാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. ശ്വാസംമുട്ടിച്ച് കൊന്നശേഷം അജ്ഞാതര്‍ ഇവരുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വീടിനുള്ളിലെ ഒരു വസ്തുക്കളില്‍ പോലും പ്രതികളുടെ ഫിംഗര്‍പ്രിന്റ്‌സ് പതിഞ്ഞിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പിലാണ് പ്രതിമ ജോലി ചെയ്തിരുന്നത്.

ശനിയാഴ്ച പ്രതിമയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ സഹോദരന്‍ പ്രതീഷ് ഞായറാഴ്ച രാവിലെ ഫ്‌ളാറ്റിലേക്ക് എത്തുകയായിരുന്നു. അപ്പോഴാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമല്ലെന്ന് പോലീസ് കണ്ടെത്തി. വിവിധ തലങ്ങളില്‍ കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. അനധികൃത ഖനനത്തിനെതിരെ പ്രതിമ നടപടിയെടുത്തതിനെപ്പറ്റിയും ചില കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തി വരുന്നുണ്ട്.

പ്രതികള്‍ ഫ്‌ളാറ്റിലേക്ക് അതിക്രമിച്ച് കയറിയതിന്റെ ലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ല. പ്രതിമയുമായി അടുത്ത പരിചയമുള്ള ആരെങ്കിലും ആകാം കൊലപാതകത്തിന് പിന്നില്‍ എന്നും പോലീസ് സംശയിക്കുന്നു.

ബംഗളുരുവിലാണ് പ്രതിമ കഴിഞ്ഞിരുന്നത്. ഇവരുടെ ഭര്‍ത്താവ് ഷിമോഗയിലാണ്. ഇവര്‍ക്ക് പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകനുമുണ്ട്. ശനിയാഴ്ച രാത്രി 8നും എട്ടരയ്ക്കുമിടയ്ക്കാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം.

പ്രതിമയെ ഡ്രൈവര്‍ ഫ്‌ളാറ്റിലെത്തിച്ചതിന് തൊട്ടുപിന്നാലെയാണ് കൊലപാതകം നടന്നത്. വാഹനം ഫ്‌ളാറ്റിനടുത്ത് ഒതുക്കിയ ശേഷം ഡ്രൈവര്‍ തന്റെ ബൈക്കെടുത്താണ് വീട്ടിലേക്ക് പോയത്. കൊലയ്ക്ക് പിന്നിൽ ഒന്നിലധികം പേര്‍ ഉണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

പ്രതിമയുടെ ഭര്‍ത്താവ് ഒരു സ്‌കൂള്‍ അധ്യാപകനായിരുന്നു. ഇദ്ദേഹം ഇപ്പോള്‍ ഷിമോഗയില്‍ കൃഷി നടത്തുകയാണ്. ദക്ഷിണ കന്നഡ ജില്ലയിലെ ഒരു റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് ഇവരുടെ മകന്‍ പഠിക്കുന്നത്.