‘സുകുമാരക്കുറുപ്പ്’ ഗുജറാത്തിൽ; ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാൻ യാചകനെ കൊന്ന് സ്വന്തം മരണമാക്കി


ഇൻഷുറൻസ് തുക സ്വന്തമാക്കാനായി യാചകനെ കൊലപ്പെടുത്തിയ ശേഷം സ്വന്തം മരണമാക്കി മാറ്റിയയാൾ 17 വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ. 39 കാരനായ അനിൽസിംഗ് ചൗധരിയാണ് ​അഹമ്മദാബാദിൽ നിന്നും അറസ്റ്റിലായത്. കഴിഞ്ഞ 17 വർഷമായി ഇയാൾ ഒരു പുതിയ ഐഡന്റിറ്റി സൃഷ്ടിച്ച് ഇവിടെ താമസിച്ചു വരികയായിരുന്നു. യാചകനെ കൊലപ്പെടുത്തിയ ശേഷം താനാണ് മരിച്ചതെന്ന് ബോധിപ്പിച്ച് ഇന്‍ഷുറന്‍സ് തുകയായ 80 ലക്ഷം രൂപ ഇയാള്‍ ക്ലെയിം ചെയ്തതായി പൊലീസ് പറഞ്ഞു.
‍‍
അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച അനിൽസിംഗ് ചൗധരിയെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. നവംബർ 15 വരെ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

സ്വന്തം പിതാവിന്റെ സഹായത്തോടെയാണ് ഇയാൾ കൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. രാജ്കുമാർ വിജയകുമാർ ചൗധരി എന്ന പേരിലാണ് അനിൽസിം​ഗ് പിന്നീടുള്ള 17 വർഷം കഴിഞ്ഞത്. എന്നാൽ, 2006 ജൂലൈ 31 ന് ഒരു അപകടത്തിൽ മരിച്ചയാളാണ് രാജ്കുമാർ വിജയകുമാർ ചൗധരിയെന്ന് ആഗ്രയിലെ റക്കാബ് ഗഞ്ച് പോലീസ് സ്‌റ്റേഷൻ രേഖകൾ സൂചിപ്പിക്കുന്നു. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുകയും അനിൽസിംഗ് ചൗധരിയെ പിടികൂടുകയും ചെയ്തത്.

കൃത്യം നടത്തുന്നതിന് രണ്ട് വർഷം മുമ്പ്, അനിൽസിംഗും പിതാവും അപകട മരണത്തിനുള്ള ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. സംഭവം നടക്കുന്നതിന് ആറുമാസം മുമ്പ് ഇൻഷുറൻസ് ചെയ്ത ഒരു കാറും ഇരുവരും വാങ്ങി. തുടർന്ന് തന്നോട് രൂപസാദൃശ്യമുള്ള ഒരു യാചകനെ കണ്ടെത്തുകയും ഇയാൾക്ക് ഭക്ഷണം നൽകി കാറിൽ കയറ്റുകയും ചെയ്തു. പിന്നീട് ബോധപൂർവം കാർ ഇടിപ്പിച്ച് വാഹനാപകടമുണ്ടാക്കി. യാചകൻ കൊല്ലപ്പെടുകയും ചെയ്തു. അപകടത്തെത്തുടർന്ന് പോലീസ് അനിൽസിംഗിന്റെ പിതാവുമായി ബന്ധപ്പെട്ടിരുന്നു. മൃതദേഹം അനിൽസിം​ഗിന്റേതാണെന്ന് ഇയാൾ തിരിച്ചറിയുകയും അന്ത്യകർമങ്ങൾ നടത്തുകയും ചെയ്തുവെന്നും പോലീസ് പ്രസ്താവനയിൽ പറയുന്നു. തുടർന്ന് 80 ലക്ഷം രൂപയുടെ ഇൻഷുറൻസ് ക്ലെയിം ചെയ്തു.

അനിൽസിംഗ് അഹമ്മദാബാദിൽ താമസിക്കുന്നുണ്ടെന്ന് ഇൻസ്‌പെക്ടർ മിതേഷ് ത്രിവേദിക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് ഇയാളുടെ വസതിയിലെത്തി റെയ്ഡ് നടത്തി അനിലിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ അനിൽ സിംഗ് തന്റെ യഥാർത്ഥ ഐഡന്റിറ്റി തുറന്നു പറയുകയും കൃത്യം നടത്തിയത് താനാണെന്ന് സമ്മതിക്കുകയും ചെയ്തു.

ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ സ്വദേശിയാണ് അനിൽസിംഗ്. 2006-ലാണ് ഇയാൾ ഗുജറാത്തിലെത്തിയത്. തുടർന്ന്, രാജ്കുമാർ വിജയകുമാർ ചൗധരിയുടെ പേരിൽ ഇയാൾ ഡ്രൈവിങ് ലൈസൻസും ആധാർ കാർഡും പാൻ കാർഡും സ്വന്തമാക്കി. 2006 ന് ശേഷം അനിൽസിംഗ് തന്റെ കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും ഡൽഹിയിലോ സൂറത്തിലോ വെച്ചു മാത്രമേ അവരെ കണ്ടിരുന്നുള്ളൂ എന്നും പോലീസ് പറഞ്ഞു.

”ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിന് ശേഷം പ്രതി അഹമ്മദാബാദിൽ ഓട്ടോറിക്ഷ വാടകക്കെടുത്ത് ഓടിച്ചിരുന്നു. പിന്നീട് ലോണെടുത്ത് സ്വന്തമായി ഒരു ഓട്ടോറിക്ഷ വാങ്ങി. ഇതിനിടെ ഇയാൾ വിവാഹം കഴിക്കുകയും ഇൻഷുറൻസ് തുക ലഭിച്ചതിന് ശേഷം ഒരു കാർ വാങ്ങുകയും ചെയ്തു. അനിൽ സിം​ഗും ഇയാളുടെ അച്ഛനും സഹോദരനും രണ്ട് സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ ചേർന്നാണ് 80 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കിയത്”, ഇൻസ്‌പെക്ടർ മിതേഷ് ത്രിവേദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു,