‘കൂടെ വന്നതിന് 2000 രൂപ നൽകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു’; സൈനബയെ കൊന്നത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് പ്രതി സമദ്


മലപ്പുറം: കോഴിക്കോട് നിന്നും കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബ (57)യെ കൊലപ്പെടുത്തിയത് കഴുത്തിൽ ഷാൾ മുറുക്കിയാണെന്ന് പ്രതി സമദ് പൊലീസിനോട് പറഞ്ഞു. വര്‍ഷങ്ങളായി പ്രതി സമദിന് സൈനബയുമായി പരിചയമുണ്ടെന്നും പൊലീസ് പറഞ്ഞു. ഡ്രൈവറായ സുഹൃത്ത് സുലൈമാന്റെ സഹായത്തോടെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് സൈനബയെ കൊലപ്പെടുത്തുന്നത്. ഒപ്പം വരുന്നതിന് 2000 രൂപ നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സമദും സുഹൃത്തും കൂടി സൈനബയെ കാറില്‍ കയറ്റി കൊണ്ടുപോയതെന്നും പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൂഡല്ലൂര്‍ സ്വദേശിയാണ് സമദിന്‍റെ സുഹൃത്ത് സുലൈമാൻ. എങ്ങനെ പണമുണ്ടാക്കാമെന്ന ചർച്ചയാണ് ഇരുവരെയും സൈനബയിലേക്ക് എത്തിച്ചത്. എപ്പോഴും സ്വർണാഭരണങ്ങൾ ധരിച്ച് നടക്കുന്ന സൈനബയെ വകവരുത്തിയാൽ ആ സ്വർണം തട്ടിയെടുക്കാമെന്ന് ഇരുവരും തീരുമാനിച്ച് ഉറപ്പിച്ചു. അതനുസരിച്ച് ഈ മാസം ആറിന് രാവിലെ പത്തു മണിയോടെ സുലൈമാൻ തിരൂര്‍ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. പിറ്റേന്ന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് അടുത്തെത്തി, സൈനബയെ ഫോണില്‍ വിളിച്ചു വരുത്തി. പുതിയ ബസ് സ്റ്റാൻഡിനു സമീപം ഓവര്‍ ബ്രിഡ്ജിന്റെ അടുത്തുനിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സൈനബയെ കാറില്‍ കയറ്റി. സുലൈമാനാണ് കാര്‍ ഓടിച്ചിരുന്നത്.

കൂടെ വന്നതിന് 2000 രൂപ തരാമെന്നും പറഞ്ഞു. വൈകിട്ട് അഞ്ചരയോടെ മുക്കം എത്തുന്നതിനു മുമ്പ് സൈനബ ധരിച്ചിരുന്ന ഷാള്‍ കഴുത്തില്‍ മുറുക്കി. ശ്വാസം നിലച്ചതായി മനസ്സിലായതോടെ സുലൈമാൻ കാറുമായി വഴിക്കടവു ഭാഗത്തേക്ക് പോകുകയായിരുന്നു. സൈനബയുടെ കയ്യിലുണ്ടായിരുന്ന ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം സ്വര്‍ണ വളകളും കമ്മലുകളും കൈക്കലാക്കി. ഇതിനുശേഷം രാത്രി എട്ടുമണിയോടെ സൈനബയുടെ ശരീരം നാടുകാണി ചുരത്തിലെ റോഡിൽനിന്ന് കൊക്കയിലേക്ക് തള്ളിയിട്ടു.

സുലൈമാൻ പിന്നീട് ഗൂഡല്ലൂരിൽ എത്തുകയും സൈനബയുടെ ബാഗിൽനിന്ന് എടുത്ത പണം സുലൈമാനും സമദും പങ്കിട്ടെടുക്കുകയും ചെയ്തു. ഇതിനുശേഷം കാര്‍ സുലൈമാൻ ഒരു സര്‍വീസ് സ്റ്റേഷനില്‍ കൊണ്ടുപോയി സര്‍വീസ് ചെയ്യിച്ചു. സൈനബയുടെ ബാഗും ഫോണും വസ്ത്രങ്ങളും സുലൈമാൻ കത്തിക്കാനായി കൊണ്ടുപോയി. എന്നാൽ പിന്നീട് സുലൈമാനും അയാളുടെ കൂടെ വന്ന ആളുകളും മുറിയില്‍വച്ച്‌ തന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായും സമദ് പൊലീസിന് മൊഴി നല്‍കി.

കാണാതാകുന്ന സമയത്ത് സൈനബയുടെ ശരീരത്തില്‍ പതിനേഴര പവന്‍ സ്വര്‍ണവും കൈവശം മൂന്നര ലക്ഷം രൂപയും ഉണ്ടായിരുന്നെന്ന് ഭര്‍ത്താവ് മുഹമ്മദാലി പൊലീസിനോട് പറഞ്ഞു. പേരക്കുട്ടിയുടെ വിവാഹ ആവശ്യത്തിനായി കരുതിയിരുന്ന പണമാണ്. വീട്ടില്‍നിന്ന് പോകുമ്പോള്‍ ആരെങ്കിലും തട്ടിയെടുത്താലോ എന്ന് കരുതിയാണ് പണം കയ്യില്‍ സൂക്ഷിച്ചതെന്നും മുഹമ്മദാലി പൊലീസിനോട് പറഞ്ഞു.