‘ജീവനക്കാർക്കിടയിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ലൈംഗികാതിക്രമ പരാതികള്‍ ഉണ്ട്’: മക്‌ഡൊണാള്‍ഡ്‌സ് മേധാവി


ആഴ്ചതോറും ജീവനക്കാർക്കിടയിൽ നിന്ന് കുറഞ്ഞത് ഒന്നോ രണ്ടോ നിന്ന് ലൈംഗികാതിക്രമ പരാതികള്‍ ലഭിക്കാറുണ്ടെന്ന് സമ്മതിച്ച് ഫാസ്റ്റ് ഫുഡ് കമ്പനിയായ മക്‌ഡൊണാള്‍ഡ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് അലിസ്റ്റര്‍ മാക്രോ. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികള്‍ തമ്മിലുള്ള ബുള്ളിയിംഗുമായി ബന്ധപ്പെട്ട് അഞ്ച് വീക്ക്‌ലി റിപ്പോര്‍ട്ട് ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്ററി കമ്മിറ്റിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും സംബന്ധിച്ച പരാതികള്‍ ഞെട്ടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈയിലാണ് ബ്രിട്ടണിലെ മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റിലെ ജീവനക്കാര്‍ക്കിടയില്‍ ലൈംഗികാതിക്രമം, വംശീയ വിദ്വേഷം എന്നിവ വ്യാപകമാണെന്ന് ആരോപിച്ച് ബിബിസി രംഗത്തെത്തിയത്. ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിഷയം ഗൗരവതരമായെടുക്കാന്‍ കമ്പനി തീരുമാനിച്ചത്.

Also read-ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിൽനിന്ന് ഭർത്താവ് പണം തട്ടി; മഹിളാ കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്തു

ഇതേത്തുടര്‍ന്ന് 18 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് കമ്പനി അറിയിച്ചു. കൂടാതെ 75 പേര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെന്നും കമ്പനി അറിയിച്ചു.249 ഓളം കേസുകള്‍ ഇനിയും പരിഹരിക്കപ്പെടാനുണ്ടെന്നും കമ്പനി അറിയിച്ചു. ബിബിസി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ലെയ് ഡേ എന്ന നിയമസ്ഥാപനവും കമ്പനിയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. അതേസമയം അന്വേഷണത്തിനായി കമ്പനി പ്രത്യേക സംഘത്തെ നിയോഗിച്ചതായാണ് സൂചന.

ഇത്തരം രീതികള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് മാക്രോ അറിയിച്ചു. പാര്‍ലമെന്റിന് മുമ്പാകെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കുറ്റാരോപിതരായ വ്യക്തികളെ ഉടനെ പിടികൂടുമെന്നും കമ്പനിയില്‍ നിന്ന് അവരെ എത്രയും വേഗം പുറത്താക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

Also read-കോഴിക്കോട് എരവന്നൂർ യുപി സ്കൂളിൽ അക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ; അധ്യാപക ദമ്പതികൾക്ക് സസ്പെൻഷൻ

മക്‌ഡൊണാള്‍ഡ്‌സിലെ ആയിരക്കണക്കിന് വനിതാ ജീവനക്കാര്‍ ലൈംഗിക പീഡനത്തിനിരയാകുന്നുവെന്ന് ആരോപിച്ച് ഫുഡ് ആന്‍ഡ് അലൈഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ രംഗത്തെത്തിയിരുന്നു. നാല് വര്‍ഷം മുമ്പാണ് ഇവര്‍ ആരോപണവുമായി എത്തിയത്. അതേസമയം 18 വയസ്സിന് താഴെയുള്ള നിരവധി വനിതാ ജീവനക്കാരാണ് ലൈംഗികാതിക്രമത്തിന് ഇരയാകുന്നത് എന്നായിരുന്നു ബിബിസി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ.