ആടുതോമ സ്റ്റൈലിൽ കവർച്ച; പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ഉടുമുണ്ട് തലയിൽ മൂടി പണം കവർന്നു


കോഴിക്കോട്: ഓമശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി മുണ്ട് തലയിൽ മൂടി മോഷണം. മാങ്ങാപ്പൊയിലിലെ എച്ച്പിസിഎൽ പെട്രോൾ പമ്പിലാണ് മോഷണം. വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

പെട്രോൾ പമ്പിലെത്തിയ മൂന്ന് യുവാക്കൾ പമ്പിലെ ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം തലയിൽ മുണ്ടിട്ട് മൂടിയാണ് മോഷണം നടത്തിയത്. 10,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പമ്പ് ഉടമ വ്യക്തമാക്കി. മൂന്ന് യുവാക്കളും മോഷണശേഷം ഓടി രക്ഷപ്പെട്ടു.

മൂന്ന് യുവാക്കൾ പമ്പിലെത്തി പ്രദേശം നിരീക്ഷിച്ചതിന് ശേഷം ജീവനക്കാരനെ അക്രമിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സംഭവത്തിൽ പമ്പ് ജീവനക്കാർ മുക്കം പൊലീസിൽ പരാതി നൽകി.