ഗുട്ക ( ഒരു തരം പുകയില ഉത്പന്നം) ഉപയോഗിച്ചതിന് ടീച്ചർ ശാസിച്ചതിൽ മനംനൊന്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കി. ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. പിതാവിന്റെ മുന്നിൽ വെച്ച് ടീച്ചർ അപമാനിച്ചതിനെ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് നിഗമനം. തന്നെ സ്‌കൂളിലേക്ക് വിളിപ്പിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് മകൾ തൂങ്ങി മരിച്ചതെന്ന് പിതാവ് പറഞ്ഞു.
മകൾ ഗുട്കയ്ക്ക് (പുകയില) അടിമയാണെന്ന് പറഞ്ഞാണ് ടീച്ചർ പിതാവിനെ സ്കൂളിലേക്ക് വിളിപ്പിച്ചത്. തുടർന്ന് പുകയില ശീലം ഉപേക്ഷിക്കുന്നതുവരെ മകളെ ക്ലാസിൽ കയറാൻ അനുവദിക്കില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞതായും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പിതാവിന് ഒപ്പം വീട്ടിലെത്തിയ പെൺകുട്ടി ഉടൻ തന്നെ മുറിയിൽ കയറി വാതിൽ അകത്തു നിന്ന് പൂട്ടി. ഏറെ നേരം കഴിഞ്ഞിട്ടും പെൺകുട്ടി പുറത്തു വരാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
Also read-ഉത്തർപ്രദേശിൽ പീഡന ശ്രമത്തിനിടെ പതിനാറുകാരിയുടെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
ഉടൻതന്നെ പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഹോബയിലെ കബ്രായ് ഏരിയയിലെ ബദ്രി സിംഗ് കന്യാ ഇന്റർ കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. അതേസമയം പിതാവിന്റെ സാന്നിധ്യത്തിൽ കുട്ടിയുടെ സ്കൂൾ ബാഗും ടീച്ചർ പരിശോധിച്ചിരുന്നു. അതിൽ നിന്ന് നിരവധി ഗുട്ക ( പുകയില) പാക്കറ്റുകൾ കണ്ടെത്തിയതായും പിതാവ് കൂട്ടിച്ചേർത്തു.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് കബ്രായി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ), ബീരേന്ദ്ര പ്രതാപ് അറിയിച്ചു. പെൺകുട്ടിയെ ശകാരിക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന ടീച്ചറെയും വിദ്യാർത്ഥികളെയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഒക്‌ടോബർ ആദ്യം ഹരിയാനയിലെ ഹിസാർ ജില്ലയിൽ രണ്ട് സഹപാഠികളുടെ പീഡനത്തെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയിരുന്നു. സ്‌കൂളിലെ രണ്ട് പെൺകുട്ടികളുടെ തുടർച്ചയായുള്ള പീഡനം മൂലം കുട്ടി അസ്വസ്ഥനായിരുന്നുവെന്നാണ് 14 വയസ്സുള്ള ആൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. ഇക്കാര്യം നേരത്തെ ഒരു അധ്യാപകന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.ഇന്ത്യൻ ശിക്ഷാനിയമത്തിലെ 305 ( ആത്മഹത്യ പ്രേരണ), 34 എന്നീ വകുപ്പുകൾ പ്രകാരം രണ്ട് സഹപാഠികൾക്കും സ്കൂൾ അധ്യാപകനുമെതിരെ സിറ്റി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജീവനൊടുക്കിയ കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).