തൃശ്ശൂരിൽ സ്കൂളിൽ തോക്കുമായി എത്തി മുൻ വിദ്യാർത്ഥിയുടെ പരാക്രമം; ക്ലാസിൽ കയറി വെടിയുതിർത്തു


തൃശ്ശൂർ: സ്കൂളിൽ തോക്ക് ചൂണ്ടി മുൻ വിദ്യാർത്ഥിയുടെ പരാക്രമം. തൃശൂർ വിവേകോദയം സ്കൂളിലാണ് സംഭവം. മുളയം സ്വദേശി ജഗനാണ് എയർഗണ്ണുമായി സ്കൂളിൽ എത്തി ഭീകരാന്തരീക്ഷം തീർത്തത്. അധ്യാപകർക്കു നേരേയും ക്ലാസ് മുറിയിൽ കയറി വിദ്യാർത്ഥികൾക്കു നേരേയും തോക്കു ചൂണ്ടിയ ഇയാൾ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

കൊല്ലം പത്തനാപുരത്ത് 14 കാരൻ്റെ ജനനേന്ദ്രിയത്തിൽ കത്തിവെച്ച അഞ്ചംഗ മദ്യപസംഘം അറസ്റ്റിൽ

രാവിലെ 10.15 ഓടെ ഓഫീസിൽ കയറി ആദ്യം അധ്യാപകർക്ക് നേരെയായിരുന്നു പരാക്രമം. ജഗൻ ലഹരിക്ക് അടിമയാണെന്ന് അധ്യാപകർ പറഞ്ഞു. ഈസ്റ്റ് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സ്‌കൂളിന്റെ മതില്‍ചാടി രക്ഷപ്പെട്ട ഇയാളെ പോലീസ് സംഘം പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ക്ലാസ്മുറികളില്‍ കയറിയ ജഗൻ മൂന്ന് തവണ വെടിയുതിർത്തു. രണ്ട് വർഷം മുമ്പാണ് ജഗൻ സ്കൂളിൽ നിന്ന് പഠനം നിർത്തി പോയത്. അന്ന് പോകുമ്പോൾ തന്റെ തൊപ്പി വാങ്ങിവെച്ചിരുന്നുവെന്നും അത് തിരികെ വേണമെന്നുമായിരുന്നു ആവശ്യം. ചില അധ്യാപകരെ പേരെടുത്ത് വിളിച്ച് ഭീഷണിപ്പെടുത്തി. സ്‌കൂള്‍ കത്തിക്കുമെന്നും ഭീഷണി മുഴക്കി.