പീഡന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പ്രതി ‘മൈനർ’; യുവതിക്കെതിരെ കേസെടുത്തേക്കും; വെട്ടിലായി പൊലീസ്


പത്തനംതിട്ട: യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ പ്രതിക്ക് ആ സമയം പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തൽ. എന്നാല്‍ പീഡനം നടന്ന കാലയളവ് പരിശോധിച്ചപ്പോൾ യുവതി പ്രായപൂര്‍ത്തിയായിരുന്നു. പുതിയ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് പരാതിക്കാരിക്കെതിരെ പോക്സോ കേസ് എടുക്കാനും സാധ്യത. പൊലീസും ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിലായി.

ചിറ്റാർ പൊലീസ് സ്റ്റേഷനിലാണ് വാദി പ്രതിയാകുന്ന സംഭവം. പരാതിക്കാരി ബെംഗളൂരുവിൽ നഴ്സിങ്ങിന് പഠിക്കുന്നു. പ്രതിയായ ആൺകുട്ടിയുമായി യുവതി പ്രണയത്തിലായിരുന്നു. ഒന്നര വർഷം മുമ്പാണ് ലൈംഗിക ബന്ധം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ കാമുകൻ ഫോണിൽ സൂക്ഷിച്ചിരുന്നു. അടുത്തയിടെ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടെ യുവതിയെ പഠിക്കുന്ന കോളേജിൽ നിന്ന് വീട്ടിലേക്ക് വിട്ടു. പരീക്ഷ എഴുതാൻ മാത്രം അനുവദിച്ചിരുന്നു.

തുടർന്ന് ചിറ്റാർ പൊലീസിൽ യുവതി പരാതി നൽകി. യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മൊഴി എടുത്തപ്പോഴാണ് പീഡനം നടന്ന കാലയളവ് പുറത്തു വന്നത്. ആ സമയം യുവതിക്ക് 18 കഴിഞ്ഞ് ഒരു മാസം. കാമുകനാകട്ടെ 18 തികയാൻ നാലു മാസം കൂടി വേണം. ഇതോടെയാണ് പൊലീസ് വെട്ടിലായത്.

തുടർ നടപടികൾക്കായി പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ് ഇപ്പോൾ.