കൊല്‍ക്കത്ത: സോഷ്യൽ മീഡിയ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. പശ്ചിമബംഗാളിലെ ജോയനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തിൽ ഹരിനാരായണ്‍പുര്‍ സ്വദേശിനിയായ അപര്‍ണ(35)യെയാണ് ഭര്‍ത്താവ് പരിമാള്‍ ബൈദ്യ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ, ഒളിവില്‍പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥിയായ മകന്‍ വെള്ളിയാഴ്ച ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോളാണ് അപര്‍ണയെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പോസ്റ്റ് ചെയ്യുന്നതിനെ ഭര്‍ത്താവ് എതിര്‍ത്തിരുന്നു. സോഷ്യൽ മീഡിയയിലൂടെ അപര്‍ണ നിരവധിപേരുമായി സൗഹൃദം പുലര്‍ത്തുന്നതും ഭര്‍ത്താവിന്റെ വൈരാഗ്യത്തിന് കാരണമായി.
മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷ വിധിച്ച് കോടതി
ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി റീല്‍സ് ചെയ്തിരുന്ന അപര്‍ണയ്ക്ക് സാമൂഹികമാധ്യമങ്ങളില്‍ നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു. ഈ സുഹൃത്തുക്കളുമായി ഇവര്‍ പതിവായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഭര്‍ത്താവിന് ഇതൊന്നും ഇഷ്ടമായിരുന്നില്ല. നിരന്തരമായ വഴക്കിനെത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയ അപര്‍ണ അടുത്തിടെയാണ് വീണ്ടും ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിവന്നത്. അപര്‍ണയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്നും ഭര്‍ത്താവ് സംശയിച്ചു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
എട്ടാംക്ലാസില്‍ പഠിക്കുന്ന മകനും നഴ്‌സറി വിദ്യാര്‍ഥിനിയായ മകളുമാണ് ദമ്പതിമാര്‍ക്കുള്ളത്. അമ്മയും അച്ഛനും തമ്മില്‍ സ്ഥിരമായി വഴക്കിട്ടിരുന്നതായി എട്ടാംക്ലാസുകാരന്‍ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അമ്മയെ കൊല്ലുമെന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വ്യാഴാഴ്ച രാത്രിയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായും മകന്‍ പോലീസിനോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ, പ്രതി പരിമാള്‍ ബൈദ്യ ഒളിവില്‍പോയിരിക്കുകയാണെന്നും കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും പോലീസ് പറഞ്ഞു.