വിശന്ന് കരഞ്ഞപ്പോൾ കുഞ്ഞിന്റെ വായില്‍ മദ്യം ഒഴിച്ചു, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: അമ്മയും കാമുകനും പിടിയില്‍


കന്യാകുമാരി: ഒരു വയസുകാരനായ കുഞ്ഞിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലൻ ആണ് കഴിഞ്ഞ വ്യാഴാഴ്ച കൊലപ്പെട്ടത്. വിശന്ന് കരഞ്ഞ കുട്ടിയുടെ വായില്‍ മദ്യമൊഴിച്ച ശേഷം തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തില്‍ ആണ് അതിക്രൂരമായ കൊലപാതകം നടന്നത്.

ചീനുവിന്‍റെ ഭാര്യ പ്രബിഷയും കാമുകൻ മുഹമ്മദ്‌ സദാം ഹുസൈനുമാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിൽ പോയിരുന്നു.

READ ALSO: സന്നിധാനത്തേക്ക് ശർക്കര കയറ്റി വന്ന ട്രാക്ടർ കുഴിയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് പരിക്ക്

മുഹമ്മദ്‌ സദാം ഹുസൈനുമായി പ്രബിഷ പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ചീനു ചോദ്യം ചെയ്തു. തുടർന്ന് ഇളയകുഞ്ഞുമായി പ്രബീഷ മുഹമ്മദ്‌ സദാം ഹുസൈനൊപ്പം നാടുവിട്ടു. പ്രബിഷയും മുഹമ്മദ്‌ സദാം ഹുസൈനും രാത്രിയില്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നു.

വ്യാഴാഴ്ച രാത്രി മദ്യപിക്കുന്നതിനിടെ വിശപ്പ് കാരണം കുട്ടി കരഞ്ഞപ്പോൾ വായിലേക്ക് മദ്യം ഒഴിച്ചു കൊടുത്തു. കുട്ടിയുടെ കരച്ചില്‍ കൂടിയതോടെ പ്രകോപിതനായ മുഹമ്മദ് സദാം ഹുസൈൻ കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും തലയില്‍ അടിക്കുകയും ചെയ്തു. ബോധം പോയ കുട്ടിയെ പിന്നീട് നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് കുട്ടി മരണപ്പെട്ടു. തുടര്‍ന്ന് നടന്ന ഇൻക്വസ്റ്റിലാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ ഒരു മണിക്കൂര്‍ നേരം ക്രൂരമായി മര്‍ദിച്ചുവെന്നും മദ്യം നല്‍കിയിരുന്നുവെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.